ഓയിൽപാം എസ്റ്റേറ്റിൽ വീണ്ടും തീപിടിത്തം: അന്വേഷണം ആരംഭിച്ചു
1513686
Thursday, February 13, 2025 6:20 AM IST
അഞ്ചല്‍ : ഓയില്‍പാം കുളത്തൂപ്പുഴ കണ്ടന്‍ചിറ എസ്റ്റേറ്റില്‍ കഴിഞ്ഞ ദിവസമുണ്ടായ വന്‍ തീപിടിത്തം നിയന്ത്രണ വിധേയമാക്കിയത് പത്തുമണിക്കൂറിലധികം നീണ്ട തീവ്ര ശ്രമത്തിനൊടുവില്‍ . എന്നാൽ വീണ്ടും തീപിടിത്തമുണ്ടായത് ദുരൂഹതയ്ക്ക് ഇടവരുത്തുന്നു.
ജില്ലയുടെ വിവിധ ഇടങ്ങളില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്സ് യൂണിറ്റുകളും വനം വകുപ്പ് അധികാരികളും ഓയില്‍പാം തൊഴിലാളികളും നാട്ടുകാരും ഉള്‍പ്പെടെയുള്ള സംഘമാണ് ചൊവ്വാഴ്ച ഉച്ചയോടെ ഉണ്ടായ തീ ബുധനാഴ്ച പുലര്‍ച്ചയോടെ നിയന്ത്രണ വിധേയമാക്കിയത്. എന്നാൽ ഉച്ചയോടെ സ്ഥലത്ത് വീണ്ടും വലിയ രീതിയില്‍ തീ പടര്‍ന്നു.
തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നുള്ള നാല് യൂണിറ്റ് ഫയര്‍ ഫോഴ്സ് സംഘവും തൊഴിലാളികളും തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം വൈകിയും തുടരുകയാണ്. ജെസിബി ഉപയോഗിച്ച് മണ്ണ് വെട്ടിയിട്ടും തീ അണയ്ക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് നാട്ടുകാര്‍ ഓയില്‍പാമില്‍ തീപിടിത്തം ഉണ്ടായതായി ബന്ധപ്പെട്ടവരെ അറിയിച്ചത്. സ്ഥലത്തുണ്ടായിരുന്നവരെ ഉപയോഗിച്ച് ആദ്യം അണയ്ക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിഫലമായി. ഇതോടെ ഫയര്‍ ഫോഴ്സില്‍ വിവരം അറിയിക്കുകയായിരുന്നു. ആദ്യം രണ്ടുയൂണിറ്റ് ഫയര്‍ഫോഴ്സ് സംഘം എത്തിയെങ്കിലും തീ അണയ്ക്കാന്‍ കഴിഞ്ഞില്ല. പിന്നീടാണ് കൂടുതല്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തിയത്. വീശിയടിച്ച കാറ്റും പുകപടലവും തീ അണയ്ക്കുന്നതില്‍ വെല്ലുവിളിയായി.
ആളിപ്പടരുന്ന തീയുടെ അടുത്തേക്ക് ഫയര്‍ഫോഴ്സ് വാഹനങ്ങള്‍ എത്താതിരുന്നതും പ്രവര്‍ത്തികള്‍ ബുദ്ധിമുട്ടിലാക്കി. തീ അണയ്ക്കുന്നതിനിടെ പുകപടലം ശ്വസിച്ച മൂന്നു തൊഴിലാളികള്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. ഇവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. പുലര്‍ച്ചയോടെ തീ നിയന്ത്രണവിധേയമാക്കിയെങ്കിലും മുറിച്ചിട്ട എണ്ണപ്പനകളിലും ചില മരങ്ങളുടെ മൂട്ടിലും തീ പുകയുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു.
ഓയില്‍പാം അധികൃതര്‍ തന്നെ ചെറിയ വാഹനങ്ങളില്‍ വെള്ളം എത്തിച്ച് തീ കെടുത്താനുള്ള ശ്രമവും തുടരുകയാണ്. കഴിഞ്ഞ ദിവസം പടര്‍ന്ന തീ ഓയില്‍പാമിന് അരികെയുള്ള വനം വകുപ്പിന്റെ മാഞ്ചിയം തോട്ടത്തിലേക്കും പടര്‍ന്നിരുന്നു. ഇതോടെ തീ ജനവാസ മേഖല്യിലേക്ക് എത്തുമെന്ന ആശങ്കയുമുണ്ടായി. എന്നാല്‍ കൃത്യമായ ഇടപെടീലിലൂടെ ജനവാസ മേഖലയിലേക്ക് പടർന്ന തീ കെടുത്താന്‍ അധികൃതര്‍ക്കായി. കണ്ടന്‍ചിറ എസ്റ്റേറ്റിലെ ഫീല്‍ഡ് ഒന്നിലും രണ്ടിലുംപ്പെട്ട അറുപത് ഹെക്ടറോളം ഭാഗത്താണ് തീ പിടിത്തം ഉണ്ടായത്. രണ്ടുവര്‍ഷത്തോളം പ്രായമുള്ള തൈകളാണ് നശിച്ചവയില്‍ കൂടുതല്‍. സംഭവത്തില്‍ എന്തെങ്കിലും തരത്തില്‍ അട്ടിമറി ഉണ്ടോ എന്നതടക്കം പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പോലീസ് വനം ഫയര്‍ഫോഴ്സ് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തിൽ ദുരൂഹത : ചെയര്മാന്
അഞ്ചല്‍ : ഓയില്‍പാം കണ്ടന്‍ചിറ എസ്റ്റേറ്റില്‍ കഴിഞ്ഞ ദിവസമുണ്ടായ തീ പിടിത്തത്തില്‍ ദുരൂഹത സംശയിക്കുന്നതായി ഓയില്‍പാം ചെയര്മാന് ആര്. രാജേന്ദ്രന് പറഞ്ഞു. തീപിടിത്തമുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ചെയര്മാന്. തീ പിടിക്കാനിടയായ സാഹചര്യം വ്യക്തമല്ല. തുടര്‍ച്ചയായി തീപിടിത്തം ഉണ്ടാകുന്നതില്‍ ചില സംശയങ്ങളുണ്ട്.
അരക്കോടിയോളം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. ഓയില്‍ പാം അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായോ എന്നതടക്കം പരിശോധിക്കും.

കൂടുതലായി നശിച്ചത് തൈ പനകളാണ്. തീപിടിക്കാനുണ്ടായ സംഭവത്തില്‍ എന്തെങ്കിലും ദുരൂഹത ഉണ്ടായിട്ടുണ്ടോ എന്നത് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു പോലീസില്‍ പരാതി നല്‍കുമെന്നും ചെയര്മാന് പറഞ്ഞു.
എംഡി ജോൺ സെബാസ്റ്റ്യൻ ,സീനിയർ മാനേജർ ജയിംസ് ,ഡയറക്ടര്‍ ബോര്‍ഡ് അംഗം സി. അജയപ്രസാദ്, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അജികുമാര്‍, സിഐടിയു നേതാവ് റ്റി. അജയന് എന്നിവരും ചെയര്‍മാനൊപ്പം സ്ഥലം സന്ദര്‍ശിച്ചിരുന്നു. അതേസമയം സംഭവത്തെകുറിച്ചു അന്വേഷിച്ചു റിപ്പോര്‍ട്ട് നല്കാന് പുനലൂര്‍ ആര്‍ഡിഒയ്ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതേ തുടര്‍ന്നു ആര്‍ഡിഒ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.