ഡോ.വന്ദനാദാസ് കൊലപാതക കേസ്: സാക്ഷി വിസ്താരം ആരംഭിച്ചു
1513679
Thursday, February 13, 2025 6:19 AM IST
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദനാ ദാസ് കൊലപാതക കേസിലെ സാക്ഷി വിസ്താരം കൊല്ലം അഡിഷനല്‍ സെഷന്‍സ് ജഡ്ജി പി.എന്‍. വിനോദ് മുമ്പാകെ ആരംഭിച്ചു. വന്ദന കൊല്ലപ്പെട്ട ദിവസം താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിൽ ജോലി നോക്കിയിരുന്ന ഡോ. മുഹമ്മദ് ഷിബിനെയാണ് ഇന്നലെ വിസ്തരിച്ചത്.
പ്രതിയെ സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു. ഡോ. വന്ദനയെ പ്രതി സന്ദീപ് കൊലപ്പെടുത്തുന്നതിനായി ആക്രമിക്കുന്നത് താന്‍ കണ്ടുവെന്ന് ദൃക്സാക്ഷി കോടതിയില്‍ മൊഴി നല്കി. നടന്ന അക്രമ സംഭവങ്ങളെല്ലാം സാക്ഷി വ്യക്തമായി കോടതിയില്‍ വിശദീകരിച്ചു.
സംഭവ ദിവസം രാവിലെ അഞ്ചോടെ പൂയപ്പള്ളി പോലിസ് പ്രതിയെ കൊട്ടാരക്കര ഗവൺമെന്റ് താലൂക്കാശുപത്രിയില്‍ കൊണ്ടുവന്നുവെന്നും തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ പ്രതി തലയില്‍ കുത്തുന്നത് കണ്ടു. തുടര്‍ന്ന് ഹോസ്പിറ്റലിലെ ഒബ്സര്‍വേഷന്‍ മുറിയില്‍ വച്ച് പ്രതി വന്ദനയെ തുരുതുരെ കുത്തുന്നത് കണ്ടതായും സാക്ഷി മൊഴി നല്കി. പ്രതി കൃത്യത്തിന് ഉപയോഗിച്ച ആയുധം തിരിച്ച് അറിയാന്‍ സാധിക്കുമോ എന്ന ചോദ്യത്തിന് ആശുപത്രിയില്‍ ഉപയോഗിക്കുന്ന തരം സര്‍ജിക്കല്‍ കത്രിക ആണ് പ്രതി വന്ദനയെ കുത്തിക്കൊലപ്പെടുത്താനും മറ്റുമായി ഉപയോഗിച്ചതെന്ന് മറുപടി നല്കി.
കോടതിയില്‍ ഉണ്ടായിരുന്ന ആയുധവും പ്രതി തിരിച്ചറിഞ്ഞു. കൃത്യസമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങളും വന്ദനയുടെ സ്റ്റെതസ്കോപ്പും വസ്ത്രങ്ങളും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു. തുടര്‍ സാക്ഷി വിസ്താരം ഇന്ന് നടക്കും.
അതേസമയം, ഒന്നാം സാക്ഷി കോടതിയില്‍ പറഞ്ഞ കാര്യങ്ങള്‍ പോലീസിന് കൊടുത്ത മൊഴിയില്‍ ഇല്ലെന്നും ഇത് കോടതിയില്‍ ചോദ്യം ചെയ്യുമെന്നും പ്രതിഭാഗം അഭിഭാഷകന് ബിജു ആന്റണി ആളൂര്‍ പറഞ്ഞു. സാക്ഷി വിസ്താരം നടക്കുമ്പോള്‍ ഡോ. വന്ദന ദാസിന്റെ മാതാപിതാക്കളായ കെ.ജി .മോഹന്‍ദാസും വസന്തകുമാരിയും അടുത്ത ബന്ധുക്കളും കോടതിയില്‍ എത്തിയിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് വന്ദനയുടെ പിതാവ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പ്രോസിക്യുട്ടര്‍ പ്രതാപ് ജി. പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്, ഹരീഷ് കാട്ടൂര്‍ എന്നിവര്‍ ഹാജരായി. സാക്ഷി വിസ്താര ഭാഗമായി പ്രതി സന്ദീപിനെയും ഇന്നലെ കോടതിയിൽ കൊണ്ടുവന്നിരുന്നു.
2023 മേയ് 10ന് പുലര്‍ച്ചെയാണ് ഡോ. വന്ദനാ ദാസ് കൊല്ലപ്പെട്ടത്.