ഭക്ഷ്യ വകുപ്പ് മന്ത്രി സമ്പൂർണ പരാജയം: ബിന്ദുകൃഷ്ണ
1513674
Thursday, February 13, 2025 6:19 AM IST
കൊല്ലം: ഭക്ഷ്യ വകുപ്പ് മന്ത്രി സമ്പൂർണ പരാജയമാണെന്നും പിണറായി സർക്കാർ പാവങ്ങളുടെ അന്നം മുട്ടിച്ചുവെന്നും കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദുകൃഷ്ണ. അരി എവിടെ സർക്കാരെ എന്ന മുദ്രാവാക്യം ഉയർത്തി റേഷൻകട വഴിയുള്ള ഭക്ഷ്യ വിതരണത്തിലെ അപാകത പരിഹരിക്കുക, വിലകയറ്റം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ താലൂക്ക് സപ്ലൈ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിന്ദുകൃഷ്ണ.
സംസ്ഥാനത്തെ റേഷൻ കടകളിൽ സർക്കാരിന്റെ അനാസ്ഥമൂലം അവശ്യ സാധനങ്ങൾ ലഭിക്കുന്നില്ലെന്നും ഇതുമൂലം പാവപ്പെട്ടവന്റെ ആശ്രയ കേന്ദ്രമായ റേഷൻ കടകൾ അവർക്ക് പ്രയോജനപ്പെടുന്നില്ലെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.
ബ്ലോക്ക് പ്രസിഡന്റ് ഡി. ഗീതാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ കെ. ബേബിസൺ, എസ്. വിപിനചന്ദ്രൻ, എൻ. ഉണ്ണികൃഷ്ണൻ, അൻസർ അസീസ്, കൃഷ്ണവേണി ശർമ ബി. തൃദീപ് കുമാർ, എം. എം. സഞ്ജീവ് കുമാർ, വാളത്തുംഗൽ രാജഗോപാൽ, ആദിക്കാട് മധു, ആർ.എസ്.അബിൻ, രഘു പാണ്ഡവപുരം, കായിക്കര നവാബ്, കെ. ആർ. വി. സഹജൻ, ആനന്ദ് ബ്രഹ്മാനന്ദ്, കുരീപ്പള്ളി സലീം, എം. നാസർ, പാലത്തറ രാജീവ്,തുടങ്ങിയവർ പ്രസംഗിച്ചു.
കരുനാഗപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസിലേക്ക് നടത്തിയ മാർച്ച് കെ. സി. രാജനും, കൊട്ടാരക്കര താലൂക്ക് സപ്ലൈ ഓഫീസിലേക്ക് നടത്തിയ മാർച്ച് ബിന്ദുജയനും ഉദ്ഘാടനം ചെയ്തു. റേഷൻ കടകൾക്ക് മുന്നിൽ നടത്തിയ സമരത്തിന്റെരണ്ടാംഘട്ടമായിട്ടാണ് സപ്ലൈ ഓഫീസുകളിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ചും ധർണയും നടത്തിയത്.