മേയർ സ്ഥാനം: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ
1512021
Friday, February 7, 2025 5:54 AM IST
കൊല്ലം: ഇടതുമുന്നണിയിലെ ധാരണപ്രകാരം കൊല്ലം കോര്‍പറേഷനിലെ മേയര്‍ സ്ഥാനം സിപിഎം വിട്ടുതരാത്തതില്‍ അമര്‍ഷം തീരാതെ സിപിഐ. ഇന്നലെ ചേര്‍ന്ന അടിയന്തിര ജില്ലാ എക്സിക്യൂട്ടീവിലും സിപിഎമ്മിനെതിരേ രൂക്ഷവിമര്‍ശനമുയര്‍ന്നു.
മേയറെ തീരുമാനിക്കുന്നതിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായിരുന്നു യോഗം ചേര്‍ന്നത്. കോര്പറേഷന് മേയര്‍ സ്ഥാനം പങ്കുവയ്ക്കുന്നത് സംബന്ധിച്ചുള്ള ധാരണ സിപിഎം അട്ടിമറിച്ചുവെന്ന് എക്സിക്യൂട്ടീവ് യോഗം വിമര്‍ശിച്ചു.
സിപിഐ - സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാന പ്രകാരം രണ്ടു വര്‍ഷം പിന്നിട്ടപ്പോള്‍ തന്നെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സിപിഐ ഒഴിഞ്ഞിരുന്നു. ശേഷം സിപിഎം പ്രതിനിധി ആ സ്ഥാനത്ത് ചുമതലയേല്‍ക്കുകയും ചെയ്തു.
കോര്‍പറേഷനില്‍ ധാരണപ്രകാരം കഴിഞ്ഞ ഡിസംബര്‍ 30ന് മേയര്‍ സ്ഥാനം സിപിഎം ഒഴിയേണ്ടതായിരുന്നു. ജനുവരി 10 വരെയും ഒഴിയാത്ത സാഹചര്യത്തിലാണ് കത്ത് നല്‍കിയത്. എന്നാല്‍ സിപിഎം ജില്ലാ നേതൃത്വം പ്രതികരിച്ചില്ല. ശേഷമാണ് സിപിഐ യോഗം ചേര്‍ന്ന് കത്ത് നല്‍കിയത്.
തുടര്‍ന്ന് സംസ്ഥാന തലത്തില്‍ ഉള്‍പ്പെടെ വിഷയം ചര്‍ച്ച ചെയ്തു. കഴിഞ്ഞ അഞ്ചിന് രാജിവയ്ക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി അറിയിക്കുകയും ചെയ്തു. ധാരണ പ്രകാരം മേയര്‍ സ്ഥാനം ഒഴിയാത്ത സാഹചര്യത്തിലാണ്ഡെപ്യൂട്ടി മേയര്‍ സ്ഥാനവും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സ്ഥാനവും രാജിവച്ചത്. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനങ്ങള്ക്കപ്പുറമുള്ള സമീപനമാണ് ജില്ലയിലെ സിപിഎം നേതൃത്വം കൈക്കൊള്ളുന്നതെന്നാണ്ആക്ഷേപം.
മേയര്‍ സ്ഥാനത്തെ സംബന്ധിച്ചുള്ള ധാരണ അട്ടിമറിച്ച സാഹചര്യത്തില്‍ ഇനി ജില്ലയില്‍ ഈ വിഷയത്തില്‍ സിപിഎം നേതൃത്വവുമായി ഒരു ചര്‍ച്ചയ്ക്കും സിപിഐ തയാറല്ല. സംസ്ഥാന നേതൃത്വവുമായി ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും കോര്പറേഷന് കൗണ്‍സിലിലെ സിപിഐ അംഗങ്ങള്‍ ഇടതുപക്ഷ നിലപാട് ഉയര്‍ത്തിപിടിച്ച് മുന്നോട്ട് പോകുമെന്നും സിപിഐ നേതാക്കള്‍ പറയുന്നു.
അതേസമയം, മുന്നണി മര്യാദ പാലിക്കാന്‍ പ്രസന്ന ഏണസ്റ്റ് തയാറാകാഞ്ഞതില്‍ സിപിഎമ്മിലും എതിര്‍പ്പ് ഉയരുന്നുണ്ട്. മേയര്‍ സ്ഥാനം പത്തിന് രാജിവയ്ക്കുമെന്നും തീരുമാനം പാര്‍ട്ടിയെ അറിയിച്ചതാണെന്ന് സിപിഎം ജില്ലാ സെക്രട്ടിയും നേതാക്കളും പറയുന്നത്. വൈകുന്നത് എന്തെന്ന ചോദ്യത്തിന് ധനമന്ത്രിയെ പങ്കെടുപ്പിച്ച് കോര്‍പറേഷനിലെ ചില കെട്ടിടങ്ങളുടെ ഉദ്ഘാടനം നടത്താനിരുന്നത് നീണ്ടുപോയതാണ് മേയറുടെ രാജി വൈകാന്‍ കാരണമെന്നാണ് നേതാക്കളുടെ മറുപടി.
സ്ഥാനം ഒഴിയുന്നതിന് മുമ്പ് പരമാവധി പദ്ധതികളുടെ ഉദ്ഘാടനം നടത്താനുള്ള ഓട്ടപാച്ചിലിലാണ് മേയറെന്നും ആക്ഷേപമുണ്ട്. ഇന്നലെ സിപിഐയുടെ പ്രതിനിധികള്‍ രാജിവയ്ക്കുന്ന സമയത്തും മേയര്‍ ഉദ്ഘാടന ചടങ്ങിലായിരുന്നു.