പുനലൂര്‍ മാർക്കറ്റിലെ വ്യാപാരികളുടെ പുനരധിവാസം; ചര്‍ച്ച അലസി
1512016
Friday, February 7, 2025 5:54 AM IST
പുനലൂര്‍: അത്യാധുനിക സൗകര്യങ്ങളോടെ പുനലൂര്‍ ശ്രീരാമവര്‍മപുരം മാർക്കറ്റ് നവീകരിക്കുന്ന പദ്ധതിയുടെ ഭാഗമായി വ്യാപാരികളെ പുനരധിവസിപ്പാക്കാനുള്ള ശ്രമം നഗരസഭയ്ക്ക് കീറാമുട്ടിയാവുന്നു.
കഴിഞ്ഞദിവസം വ്യാപാരികളുമായി നഗരസഭാ അധികൃതര്‍ നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. അതേസമയം ഈമാസം 28 നുള്ളിൽ ഒഴിയണമെന്ന് നഗരസഭ വ്യാപാരികളോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള തീരദേശ വികസന കോര്പറേഷന് (കെഎസ് സിഎ ഡിസി) നടപ്പാക്കുന്ന മാർക്കറ്റ് നവീകരണ ഭാഗമായാണ് വ്യാപാരികളെ മാറ്റുന്നത്. പുനര്‍നിര്‍മാണത്തിനായി മാർക്കറ്റിലെ എ ബ്ലോക്കിന് പിന്നിലായുള്ള നാലു പഴയകെട്ടിടങ്ങള്‍ പൊളിച്ചുനീക്കേണ്ടതുണ്ട്. ഇതില്‍ 91 കടമുറികളുണ്ട്. എന്നാല്‍ 21 കടമുറികളിലേ പ്രവര്‍ത്തനമുള്ളൂ. ഈ വ്യാപാരികളെയാണ് നഗരസഭ ചര്‍ച്ചയ്ക്കായി വിളിച്ചത്.
ചന്തയുടെ പുനര്‍നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ഉറപ്പുനല്‍കണമെന്നും നിര്‍മാണം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് വ്യാപാരികളെ മുന്‍ഗണനാ അടിസ്ഥാനത്തില്‍ തിരികെ പ്രവേശിപ്പിക്കണമെന്നുമാണ് വ്യാപാരികള്‍ മുന്നോട്ടുവയ്ക്കുന്ന മുഖ്യ ആവശ്യം. ഇതിനുപുറമേ ഉന്നയിക്കുന്ന ഒന്‍പതിന ആവശ്യങ്ങള്‍ രേഖാമൂലം നഗരസഭയ്ക്ക് നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തിലും ഇനിയും ചര്‍ച്ച നടത്തിയിട്ടില്ല.
ഭൂരിഭാഗം വ്യാപാരികളും ഒഴിയാന്‍ തയാറാണെന്നും ഏതാനും ചിലര്‍ മാത്രമാണ് ഇതിന് തയാറാവാത്തതെന്നുമാണ് നഗരസഭാ അധികൃതര്‍ പറയുന്നത്. പുനരധിവാസം പൂര്‍ത്തിയാകുന്നതോടെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി നിര്‍മാണം ആരംഭിക്കുമെന്നും വ്യാപാരികളെ ഒഴിപ്പിക്കാത്തതാണ് നിര്‍മാണം വൈകാൻ ഇടയാക്കുന്നതെന്നും തീരദേശ വികസന കോര്പറേഷന് അധികൃതരും പറയുന്നു.
'കിഫ്ബി'യില്‍ നിന്ന് അനുവദിച്ച 5.65 കോടി ചെലവഴിച്ച് 21,000 ചതുരശ്രയടി വിസ്തൃതിയിലാണ് മാർക്കറ്റ് നവീകരിക്കുന്നത്. ഇവിടെ 37 കടകള്‍, 25 മത്സ്യസ്റ്റാളുകള്‍, 24 ഉണക്കമീന്‍ സ്റ്റാളുകള്‍, വഴിയോര കച്ചവടക്കാര്‍ക്കായി 33 സ്റ്റാളുകള്‍, രണ്ടു ഗോഡൗണ്‍, ശൗചാലയങ്ങള്‍ തുടങ്ങിയവ നിര്‍മിക്കും. ഡിസംബറിലാണ് പദ്ധതിക്ക് കരാര്‍ നല്‍കിയത്.