ലക്ഷങ്ങൾ ചെലവിട്ട് നവീകരിച്ച ചിറ സംരക്ഷണമില്ലാതെ നശിക്കുന്നു
1511712
Thursday, February 6, 2025 6:10 AM IST
കൊട്ടാരക്കര: ലക്ഷങ്ങൾ മുടക്കി നവീകരിച്ച പുത്തൂർ പാണ്ടറചിറ തുടർ സംരക്ഷണമില്ലാതെ പായൽമൂടി നാശത്തിലായി. ജില്ലാ പഞ്ചായത്തിന്റെ സുജലം പദ്ധതിയിലൂടെ 31.40 ലക്ഷം ചെലവിട്ടാണ് നവീകരിച്ചത്. 2022 ഓഗസ്റ്റ് 25 ന് മന്ത്രി കെ.എൻ. ബാലഗോപാലാണ് നവീകരിച്ച ചിറ നാടിന് സമർപ്പിച്ചത്. പിന്നീട് ചിറ ശുദ്ധമാക്കാനും കുറ്റിക്കാടും പായലും നീക്കം ചെയ്യാനും തയാറായില്ല.
ഇപ്പോൾ വെള്ളത്തിൽ പായൽമൂടുകയും നാല് ചുറ്റും കുറ്റിക്കാടുകൾ വളരുകയും ചെയ്തിരിക്കുകയാണ്. ഈ സ്ഥിതിയിൽ ഈ വേനൽക്കാലത്ത് ചിറയിലെ വെള്ളം ഉപയോഗിക്കാൻ കഴിയില്ല. കുടിവെള്ള ക്ഷാമം ഉണ്ടാകുന്പോൾ കുളിക്കാനും തുണി അലക്കാനും വാഹനങ്ങൾ കഴുകാനും കാർഷിക ആവശ്യങ്ങൾക്കും ഉപയോഗിക്കേണ്ട ചിറയാണ് അനാസ്ഥയിൽ കിടക്കുന്നത്.
ചിറയുടെ നാലുചുറ്റും സംരക്ഷണ ഭിത്തികളിൽ മരങ്ങൾ വളരുന്നുണ്ട്. നിർമാണ വേളയിൽ മരങ്ങളുടെ വേരുകൾ ഉള്ളത് ഇളക്കി മാറ്റിയിരുന്നില്ല. ഇത് കരാറുകാരന്റെ കെടുകാര്യസ്ഥതയാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മരങ്ങളുടെ വേര് മാറ്റാൻ നടപടി സ്വീകരിച്ചതുമില്ല. മരങ്ങൾ പൊട്ടിക്കിളിർത്ത് വളരുന്നത് സംരക്ഷണ ഭിത്തിക്ക് ഭീഷണിയാണ്.
കൊട്ടാരക്കര- പുത്തൂർ റോഡരികിലാണ് ചിറയും അനുബന്ധ ഭൂമിയും. ചിറയുടെ ഉദ്ഘാടന വേളയിൽ ഇവിടെ സായന്തനങ്ങൾ ചെലവഴിക്കാനുള്ള പാർക്കുകൂടി നിർമിക്കുമെന്ന് ജില്ലാ പഞ്ചായത്ത് അധികൃതർ പ്രഖ്യാപിച്ചിരുന്നു. ഇരിപ്പിടങ്ങളും ലൈറ്റിംഗ് സംവിധാനങ്ങളുമൊക്കെ ഏർപ്പെടുത്തി പാർക്കുകൂടി ഒരുക്കിയാൽ ചിറയും സംരക്ഷിക്കാനാകും.