മണ്ണ് മാഫിയ പിടിമുറുക്കി; വേളമാനൂരിൽ കുന്നുകൾ ഇല്ലാതാകുന്നു
1511710
Thursday, February 6, 2025 6:10 AM IST
വേളമാനൂർ: വേളമാനൂരിൽ ദേശീയപാത വികസന മറവിൽ നടക്കുന്ന കുന്നിടിക്കലിൽ കുന്നുകൾ ഇല്ലാതാകുന്നു. രാപ്പകൽ വ്യത്യാസമില്ലാതെ നൂറു കണക്കിന് മണ്ണുമാന്ത്രി യന്ത്രങ്ങളും ലോറികളുമാണ് വേളമാനൂരിൽ പ്രവർത്തിക്കുന്നത്. ചെറുതും വലുതുമായ നിരവധി കുന്നുകളാണ് ഇടിച്ചു നിരത്തി മണ്ണ് കടത്തിയത്.
ഒരു വർഷമായി വേളമാനൂരിൽ മണ്ണ് മാഫിയ പിടിമുറുക്കിയിരിക്കുകയാണ്. ദേശീയപാതയുടെ പേരിലാണ് മണ്ണെടുപ്പ് തുടങ്ങിയത്. പിന്നീട് മണ്ണ് മാഫിയ വേളമാനൂരിനെ തങ്ങളുടെ വ്യാപാര കേന്ദ്രമാക്കി മാറ്റുകയായിരുന്നു. വട്ട കുഴിക്കൽ വാർഡിലാണ് ദേശീയപാത നിർമാണ പേരിൽ തൊലിക്കോട് മാടൻകാവ് കുന്നിന്റെ ഒരു ഭാഗത്തു നിന്ന് മണ്ണ് എടുത്ത് തുടങ്ങിയത്.
പിന്നീട് സ്വകാര്യ വ്യക്തികളിൽ നിന്ന് മണ്ണിന് വലിയവില നൽകി റോഡരികിലുള്ള കുന്നുകൾ ഇടിച്ചു നിരത്തി ലോറികളിലും ടിപ്പറുകളിലും കടത്തുകയായിരുന്നു. നിയന്ത്രണമില്ലാതെ നടക്കുന്ന മണ്ണെടുപ്പ് മൂലം കല്ലുവാതുക്കൽ പഞ്ചായത്തിലെ വേളമാനൂരിലെ കുന്നുകൾ ഓരോ ദിവസം കഴിയുംതോറും അപ്രത്യക്ഷമാവുകയാണ്. അനധികൃത മണ്ണെടുപ്പ് കാരണം കുന്നുകളിൽ മണ്ണിടിച്ചിൽ ദുരന്ത സാധ്യതയുണ്ടാക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തോന്നുന്നതു പോലെ മണ്ണെടുത്ത് കടത്തുന്നതിനാൽ വിള്ളലുകൾ ഉണ്ടായ നിരവധി കുന്നുകൾ ഉണ്ട്. ഉയരമുള്ള കുന്നുകളിൽ നിന്നാണ് അശാസ്ത്രീയമായി മണ്ണെടുക്കുന്നത്. വില്ലേജ് ഓഫീസർമാരുടെ റിപ്പോർട്ടുകൾ അവഗണിച്ചാണ് മണ്ണ് ഖനനം നടക്കുന്നത്.
ദേശീയപാത നിർമാണ കമ്പനി നൽകുന്ന പാസുകളും ജിയോളജി വകുപ്പിന്റെ പേരിലുള്ള വ്യാജപാസുകളും ഉപയോഗിച്ച് മണ്ണ് കടത്തുന്നതായാണ് ആരോപണമുയരുന്നത്. കുന്നുകൾ വ്യാപകമായി ഇല്ലാതാകുന്നതോടെ വേളമാനൂരിലെ ആവാസ വ്യവസ്ഥ തകരുകയാണ്. മണ്ണെടുപ്പ് തടയണമെന്ന് ആവശ്യപെട്ട് ജില്ലാ ദുരന്തനിവാരണ അഥോറിറ്റിക്ക് പരാതി നൽകുമെന്ന് നാട്ടുകാർ അറിയിച്ചു.