അഞ്ചലിലെ എംഡിഎംഎ വേട്ട: ഒരാൾ കൂടി പിടിയിൽ
1511708
Thursday, February 6, 2025 6:05 AM IST
അഞ്ചല്‍: അഞ്ചലിൽ ബൈപാസിൽ കഴിഞ്ഞ നവംബറിൽ നടത്തിയ എംഡിഎംഎ വേട്ടയുമായി ബന്ധപ്പെട്ട് ഒരാളെ കൂടി അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു. ഏരൂര്‍ അയിലറ കമുകംകോട്ട് മേലേതിൽ വീട്ടിൽ പ്രദീപ് ചന്ദ്രൻ (28) ആണ് അഞ്ചൽ പോലീസിന്റെ പിടിയിലായത്.
കേസ് അന്വേഷണത്തിൽ പ്രദീപ് പ്രതിയാണെന്ന് അറിഞ്ഞതോടെ ഒളിവിൽ പോവുകയായിരുന്നു. ബംഗളൂർ, തമിഴ്നാട് എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ പുളിയറയിൽ നിന്ന് അഞ്ചൽ എസ്എച്ച്ഒ ഹരീഷ്, എസ് ഐ പ്രജീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടുകയായിരുന്നു. ബാംഗളൂരിൽ നിന്ന് കിഴക്കൻ മലയോര മേഖലയിലേക്ക് എംഡിഎംഎ എത്തിക്കുന്നതിൽ പ്രധാനിയാണ് പിടിയിലായ പ്രദീപെന്ന് അഞ്ചൽ പോലീസ് പറഞ്ഞു.
പ്രദീപിനെ ചോദ്യം ചെയ്തതിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് അഞ്ചൽ പോലീസ് അറിയിച്ചു.കഴിഞ്ഞ നവംബറില്‍ ബൈപാസില്‍ വച്ച് അഞ്ചല്‍ തഴമേല്‍ സ്വദേശി ഷിജുവിനെ പിടികൂടുകയായിരുന്നു.
ഇയാളെ ചോദ്യം ചെയ്തതോടെയാണ് ഏറത്ത് വടകയ്ക്ക് താമസിച്ചുവരുന്ന സാജൻ രാജ് എന്നയാളെ കുറിച്ച് സൂചന ലഭിച്ചത്. ഏറത്തുള്ള ഇയാളുടെ പച്ചക്കറി കടയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 80 ഗ്രാം എംഡിഎംഎ പിടികൂടുകയായിരുന്നു. ഒരുമാസത്തില്‍ പലതവണ ബംഗളൂരില്‍ പോകുന്ന പ്രദീപ് തിരികെ വരുമ്പോഴെല്ലാം എംഡിഎംഎ കടത്തുമായിരുന്നു എന്നാണ് പോലീസ് കണ്ടെത്തല്‍.
ഇയാള്‍ക്ക് എംഡിഎംഎ കടത്താന്‍ ബംഗളൂരില്‍ പഠിക്കുന്ന വിദ്യാര്‍ഥി ഉള്‍പ്പടെയുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നു പോലീസ് സംശയിക്കുന്നുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.