ഗാന്ധിഭവനില്‍ ജനിച്ച ശ്രീലങ്കന്‍ കുഞ്ഞിന് പേരിട്ടു, സുസ്മിത
1511705
Thursday, February 6, 2025 6:05 AM IST
പത്തനാപുരം: ഗാന്ധിഭവനില്‍ ജനിച്ച ശ്രീലങ്കന്‍ അഭയാര്‍ഥി കുടുംബത്തിലെ ഡിലക്ഷന്റേയും കോണ്സിലയും മകൾക്ക് സുസ്മിതയെന്ന് പേരിട്ടു. ശ്രീലങ്കയിലെ ട്രിൻകോമാലേ സ്വദേശികളാണ് ദന്പതികൾ. ജനുവരി എട്ടിന് തിരുവനന്തപുരം എസ്എ ടി ആശുപത്രിയിലായിരുന്നു കുട്ടിയുടെ ജനനം.
ഗാന്ധിഭവന് സാരഥി പുനലൂര്‍ സോമരാജനാണ് കുഞ്ഞിന് സുസ്മിതയെന്ന് പേരിട്ടത്. ഗാന്ധിഭവന് കുടുംബാംഗങ്ങളുടെയും സേവനപ്രവര്‍ത്തകരുടെയും സാന്നിദ്ധ്യത്തില്‍ ട്രസ്റ്റി പ്രസന്നാ സോമരാജന് വെള്ളിയരഞ്ഞാണവും സുസ്മിതയുടെ അരയില്‍ ചാര്‍ത്തി. ഭിന്നശേഷിയുള്ള ഏഴു വയസുകാരന് റെയ്സനാണ് ദമ്പതികളുടെ മൂത്തമകന്.
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ ജയിലില്‍ കിടക്കുന്പോഴാണ് ഹൈക്കോടതി ജാമ്യം നല്കി 2022 നവംബറില്‍ ഗാന്ധിഭവനില്‍ ഏല്പിച്ചത്. ഏജന്റിന്റെ വാക്ക് വിശ്വസിച്ച് തൊഴില്‍ തേടി ശ്രീലങ്കയില്‍ നിന്ന് കാനഡയിലേക്ക് കടല്‍മാര്‍ഗം സഞ്ചരിക്കവേ കൊല്ലത്തുവച്ചാണ് പോലീസ് പിടികൂടിയത്. അധികം വൈകാതെ നാട്ടിലേക്ക് മടങ്ങിപ്പോകാമെന്ന പ്രതീക്ഷയിലാണ് കുടുംബം.