പുരസ്കാര നിറവിൽ വെള്ളായണി കാർഷിക കോളജ്
1511702
Thursday, February 6, 2025 6:05 AM IST
തിരുവല്ലം: കാർഷിക സർവകലാശാലയുടെ 54-ാമത് സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ചു സർവകലാശാലയിലെ ഏറ്റവും മികച്ച കോളജിനു നൽകിവരുന്ന പുരസ്കാരം വെള്ളായണി കാർഷിക കോളജിനു ലഭിച്ചു. കാർഷിക സർവകലാശാല ആസ്ഥാനത്തു നടന്ന ചടങ്ങിൽ കൃഷിമന്ത്രി പി. പ്രസാദിൽ നിന്നും കാർഷിക കോളജ് ഡീൻ ഡോ. റോയ് സ്റ്റീഫൻ പുരസ്കാരം ഏറ്റുവാങ്ങി.
സർവകലാശാലയിലെ മികച്ച അധ്യാപികയായി തെരഞ്ഞെടുത്ത ഡോ. എം. അമീന, ഏറ്റവും കൂടുതൽ മികച്ച ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ച ഡോ. ആർ. ബീന, തീറ്റപുല്ലിന്റെ പുതിയ ഇനമായ "സുപർണ' വികസിപ്പിച്ചതിനു നേതൃത്വം നൽകിയ ഡോ. ഉഷ സി. തോമസ്, ഡോ. മെറിൻ എബ്രഹാം, ഡോ. സുമഭായ്, ഡോ. ആർ. ഷാരു, ഡോ. ജി. ഗായത്രി, ഡോ. ഷീജ കെ. രാജ്, ഡോ. ഡി. ജേക്കബ്, ഡോ. ശാലിനി പിള്ളൈ, എന്നിവർക്കാണ് പുരസ്കാരങ്ങൾ ലഭിച്ചത്.
കൂടാതെ മികച്ച വിദ്യാർഥികൾക്കുള്ള ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ഫെലോഷിപ്പുകളും മോണ്ടെലസ് ഇന്ത്യയുടെ സ്കോളർഷിപ്പും ലഭിച്ച വിദ്യാർഥികൾക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
കാർഷിക സർവകലാശാലയിൽ 25 വർഷം സേവനം പൂർത്തിയാക്കിയ അധ്യാപക അനധ്യാപക ജീവനക്കാരെയും ചടങ്ങിൽ ആദരിക്കുകയുണ്ടായി.