മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ നാട്ടുകാർ കാമറ സ്ഥാപിച്ചു
1511700
Thursday, February 6, 2025 6:05 AM IST
കുളത്തൂപ്പുഴ: അന്തർ സംസ്ഥാന പാതയിൽ നെടുവന്നൂർ കടവ്, പൂമ്പാറ പ്രദേശത്ത് മാലിന്യം തള്ളുന്നത് നിരീക്ഷിക്കാനായി നാട്ടുകാർ പിരിവെടുത്ത് കാമറ സ്ഥാപിച്ചു. ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം റെജി ഉമ്മൻ നിർവഹിച്ചു. വാർഡ് മെമ്പർ മേഴ്സി ജോണിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഗീത, സുമ, പ്രഭ, സിന്ധു, സരസു, ഓമന, അനി അജയൻ, ഭാസ്കരൻ, വിജയൻകട്ടി ,രാധ, രഞ്ജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
രാത്രിയിൽ അറവ് ശാലകളിലെ മാലിന്യങ്ങൾ തള്ളുന്നത് കൂടുകയും ദുർഗന്ധം മൂലം നടക്കാൻ കഴിയാത്ത സ്ഥിതിയിലാകുകയും ചെയ്തതോടെയാണ് നാട്ടുകാർ സംഘടിച്ചത്. മാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവുനായകളുടേയും വന്യമൃഗങ്ങളുടെയും ശല്യം കൂടിവരികയും ചെയ്തു.
പ്രദേശത്ത് ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരുടെ ശല്യവും രൂക്ഷമായി. പ്രദേശം നിരീക്ഷിക്കാനും മാലിന്യ നിക്ഷേപകരെ കണ്ടെത്താനുമായി കാമറ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്ത വാസികൾ കുളത്തൂപ്പുഴ പഞ്ചായത്തിന് നിവേദനം നൽകിയിരുന്നു. ആവശ്യം നിരസിച്ചതിനാൽ പ്രദേശവാസികൾ വാർഡ് വികസന സമിതി കൺവീനർ റോയ് ഉമ്മന്റെ നേതൃത്വത്തിൽ വീടുതോറും കയറിയിറങ്ങി കാമറ സ്ഥാപിക്കാനുള്ള പണം കണ്ടെത്തി കാമറ സ്ഥാപിക്കുകയായിരുന്നു.