ഡി. വിനയചന്ദ്രൻ അനുസ്മരണം 11-ന്
1511698
Thursday, February 6, 2025 5:52 AM IST
കൊല്ലം: കവിയും യൂണിവേഴ്സിറ്റി കോളജ് മുൻ അധ്യാപകനുമായ ഡി. വിനയചന്ദ്രന്റെ ചരമവാർഷികത്തോട് അനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനവും പുരസ്കാര സമർപ്പണവും 11, 12 തീയതികളിൽ നടക്കും.
ഡി. വിനയചന്ദ്രൻ സ്മാരക ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഫൗണ്ടേഷൻ അങ്കണത്തിലാണ് ചടങ്ങുകൾ നടക്കുക. സാഹിത്യ പ്രവർത്തക സഹകരണ സംഘം പുറത്തിറക്കുന്ന ഡി. വിനയചന്ദ്രന്റെ തെരഞ്ഞെടുത്ത കവിതകളുടെ പുസ്തക പ്രകാശനവും കവിയരങ്ങും നടത്തും.
ഡി. വിനയചന്ദ്രന്റെ പേരിലുള്ള കവിതാ പുരസ്കാരം ദിവാകരൻ വിഷ്ണുമംഗലത്തിന്റെ ചോറ്റു പാഠം എന്ന സമാഹാരത്തിനാണ്. 11 ന് രാവിലെ പുഷ്പാർച്ചന, കാവ്യാർച്ചന, ഡോ. സി. ഉണ്ണികൃഷ്ണൻ, പെരുമ്പുഴ ഗോപാലകൃഷ്ണ പിള്ള, വിജയമ്മ ജസ്റ്റിൻ തുടങ്ങിയവരുടെ അനുസ്മരണ പ്രഭാഷണം കവിസദസ് എന്നിവ നടത്തും.
12 ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ചവറ കെ.എസ് പിള്ള അധ്യക്ഷനാകും. ഫൗണ്ടേഷൻ ചെയർമാൻ എം.എ. ബേബി ഉദ്ഘാടനവും പുരസ്കാര സമർപ്പണവും നിർവഹിക്കും. സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡന്റ് അഡ്വ. പി.കെ .ഹരികുമാർ പുസ്തക പ്രകാശനം നിർവഹിക്കും. എസ്. ജോസഫ് മുഖ്യപ്രഭാഷണം നടത്തും. ഡോ. സി. ഉണ്ണികൃഷ്ണൻ പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തും.
കല്ലട വിജയൻ, ഉഷാലയം ശിവരാജൻ, കെ. സുധീർ, കെ.ജി വിജയദേവൻ പിള്ള, വി. ലൂക്കോസ്, എം.കെ. വേണുഗോപാൽ, സരസ്വതിഅമ്മ, കെ.എസ്. വീണ, അഡ്വ. വി.വി. ജോസ് കല്ലട, ഡി. വേണുഗോപാലപിള്ള തുടങ്ങിയവർ പ്രസംഗിക്കും.