പത്തടിയില്‍ ഇറച്ചി വില്പനയുടെ മറവിൽ പ്രവർത്തിച്ചത് അനധികൃത അറവുശാല
1511696
Thursday, February 6, 2025 5:52 AM IST
അഞ്ചല്‍: ഏരൂര്‍ പത്തടിയില്‍ ഇറച്ചി വില്പനയിൽ അനധികൃത അറവ് ശാല പ്രവർത്തിച്ചിരുന്നതായി കണ്ടെത്തി. കഴിഞ്ഞ ദിവസം ആയിരനെല്ലൂര്‍ ഭാഗത്ത് മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ അറസ്റ്റിലായിരുന്നു. മാലിന്യം തള്ളിയ കേസില്‍ അറസ്റ്റിലായ ഷാജഹാന് നിരപരാധിയാണെന്നും യഥാര്‍ഥ പ്രതികളെ പിടികൂടണമെന്നും ആവശ്യപ്പെട്ട് ഷാജഹാന്റെ അമ്മ പാത്തുമുത്ത് പ്രതിഷേധവുമായെത്തി.
മകനെ പത്തടിയിലെ ഇറച്ചിക്കട ഉടമ വീട്ടിലെത്തി കൂട്ടികൊണ്ടു പോയതായി അവർ ആരോപിച്ചു. അവർ പത്തടിയിലെ ബീഫ് സ്റ്റാളിനു മുന്നിൽ പ്രതിഷേധിച്ചു. ഇതിനിടയിൽ നാട്ടുകാരില്‍ ചിലര്‍ സ്ഥാപനത്തിന്റെ ഉള്ളില്‍ കയറി പരിശോധന നടത്തി.
ഇറച്ചിയ്ക്കായി വെട്ടിയ കാള, പോത്ത്, പശു എന്നിവയുടെ എല്ലും തോലും തലയും ഉള്‍പ്പടെയുള്ളവ കടയ്ക്കു പുറകിൽ വീപ്പകളിലും പെട്ടികളിലുമായി സൂക്ഷിച്ചിരിക്കുന്നു. അറക്കുന്ന മാടുകളുടെ രക്തവും മലിന ജലവും തോട്ടിലേക്ക് ഒഴുക്കുന്നതായി കണ്ടത്തി.
ദിവസങ്ങള്‍ പഴക്കമുള്ള ഇറച്ചിയും നെയ്യും ഉള്‍പ്പടെ ഫ്രീസറില്‍ സൂക്ഷിച്ചതും കണ്ടെത്തി. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഏരൂര്‍ പോലീസും ആരോഗ്യവകുപ്പ് ജീവനക്കാരുമെത്തി കട പൂട്ടിച്ചു. ശക്തമായ നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി.
നിയമലംഘനത്തിന് സ്ഥാപനത്തിനെതിരെ നിരവധി തവണ നോട്ടീസ് നല്‍കുകയും പിഴയീടാക്കുകയും ചെയ്തതായി പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.