കൊല്ലം -ആയൂർ ഫൊറോന ജൂബിലി സമിതി ഉദ്ഘാടനം എട്ടിന്
1511693
Thursday, February 6, 2025 5:52 AM IST
പുനലൂർ: കൊല്ലം -ആയൂർ ഫൊറോന ജൂബിലി സമിതി ഉദ്ഘാടനംഎട്ടിന് ആയൂരിൽ നടക്കും. ചങ്ങനാശേരി അതിരൂപത 2025 ജൂബിലി വർഷ കർമപദ്ധതിയുടെ നടത്തിപ്പിനായി രൂപീകരിക്കുന്ന ഫൊറോന ജൂബിലി സമിതിയുടെ പ്രവർത്തന ഉദ്ഘാടനം തിരുവനന്തപുരം റീജിയൻ വികാരി ജനറൽ ഫാ.ജോൺ തെക്കേക്കര നിർവഹിക്കും. ്ഉച്ചകഴിഞ്ഞ് മൂന്നിന് ആയൂർ ക്രിസ്തുരാജ പള്ളിയിലാണ് സമ്മേളനം.
ഈശോയുടെ മനുഷ്യാവതാരത്തിന്റെ 2025 ജൂബിലി വർഷത്തിൽ മാർപാപ്പ നിർദ്ദേശിച്ച പ്രത്യാശയുടെ 10 അടയാളങ്ങളുടെ അടിസ്ഥാനത്തിലാണ് അതിരൂപത അജപാലന പദ്ധതി തയാറാക്കിയിരിക്കുന്നത്. ഇതിലൂടെ ഇടവകകളിലും കൂട്ടായ്മകളിലും കുടുംബങ്ങളിലും അജപാലനത്തിന്റെ പുതിയൊരു ഉയർത്തെഴുന്നേൽപ്പ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഫെറോനയിലെ വികാരിമാർ,ഫെറോന കൗൺസിൽ നേതൃത്വം, പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾ, ഇടവകകളിലെ കൈക്കാരന്മാർ,പാരിഷ് കൗൺസിൽ സെക്രട്ടറി, കുടുംബകൂട്ടായ്മ ജനറൽ കൺവീനർമാർ, സംഘടനകളുടെ ഫെറോന പ്രസിഡന്റുമാർ,ആനിമേറ്റർ സിസ്റ്റേഴ്സ്
എന്നിവർ ജൂബിലി സമിതിയിൽ പങ്കെടുക്കും.സമിതിയുടെ ജനറൽ കൺവീനർ,ജോയിന്റ് കൺവീനർ,സെക്രട്ടറി എന്നിവരെയും വിവിധ കമ്മിറ്റികളുടെ കൺവീനർമാരെയും യോഗം തെരഞ്ഞെടുക്കും.
ഫെറോനാ വികാരി ഫാ. ഇമ്മാനുവേൽ നെല്ലുവേലി,ഫെറോന കൗൺസിൽ സെക്രട്ടറി ജനു അനന്തക്കാട്, പ്രിസ്റ്റ് കൗൺസിൽ സെക്രട്ടറി ഫാ. ജോസിൻ കൊച്ചുപറമ്പിൽ, അതിരൂപത ജൂബിലി സമിതി തിരുവനന്തപുരം റീജിയൻ കോഓർഡിനേറ്റർ ജോസി കടന്തോട്ട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.