സ്വകാര്യ ബസുകൾ ചാത്തന്നൂർ ജംഗ്ഷനിൽ എത്താതെ യാത്ര തുടരുന്നു
1508035
Friday, January 24, 2025 6:20 AM IST
ചാത്തന്നൂർ: പരവൂരിൽ നിന്നുള്ള സ്വകാര്യ ബസുകൾ ചാത്തന്നൂർ ജംഗ്ഷനിൽ എത്തുന്നില്ലെന്നു പരാതി. ഇക്കാരണത്താൽ വിദ്യാർഥികളും ഉദ്യോഗസ്ഥരും ചാത്തന്നൂർ ജംഗ്ഷനിൽ എത്തേണ്ട യാത്രക്കാരും നടന്ന് തളരുന്നു. ഇതിനെതിരേ നടപടി വേണമെന്ന ആവശ്യം ശക്തമാകുകയാണ്. ദേശീയപാത നിർമാണ മറവിലാണ് സ്വകാര്യ ബസുകൾ ചാത്തന്നൂർ ജംഗ്ഷനിൽ എത്താതെ പോകുന്നത്. ഇത് യാത്രാ ദുരിതത്തിന് കാരണമാകുന്നു.
പരവൂരിൽ നിന്ന് ചാത്തന്നൂർ വഴി കൊട്ടിയം, കൊല്ലം ഭാഗത്തേക്ക് പോകേണ്ട ബസുകൾ ചാത്തന്നൂർ പോകാതെ തിരുമുക്കിൽ എത്തി കൊട്ടിയം ഭാഗത്തേക്ക് പോകുകയാണ്. മടക്കയാത്രയിലും ചാത്തന്നൂർ ജംഗ്ഷനിൽ എത്താതെ തിരുമുക്കിൽ എത്തി പരവൂരിലേയ്ക്ക് പോകുകയാണ്.
ഇത് മൂലം ചാത്തന്നൂർ എൻഎസ്എസ് ഹയർ സെക്കന്‍ഡറി സ്കൂൾ, സർക്കാർ ഹയർ സെക്കന്‍ഡറി സ്കൂൾ, എസ്എൻ കോളജ്, എസ്എൻ ഹയർ സെക്കന്‍ഡറി സ്കൂൾ, സിബിഎസ് സി സ്കൂളുകൾ സർക്കാർ ഐടിഐ കൂടാതെ നിരവധി ട്യുഷൻ സെന്ററുകൾ, സ്വകാര്യ കോളജുകൾ എന്നിവടങ്ങളിലെ വിദ്യാർഥികളും ദിവസവും ജോലിയ്ക്കും മറ്റും ചാത്തന്നൂർ എത്തുന്നവരും പഞ്ചായത്ത് ആസ്ഥാനത്തും മിനി സിവിൽ സ്റ്റേഷനിൽ മറ്റ് ആവശ്യങ്ങൾക്കായി എത്തുന്നവരും തിരുമുക്കിൽ ഇറങ്ങി ഒരു കിലോമീറ്റർ നടന്ന് ചാത്തന്നൂർ എത്തേണ്ട അവസ്ഥയിലാണ്.
പരവൂർ, പൂതക്കുളം നെടുങ്ങോലം, ചിറക്കര ഭാഗത്തു നിന്ന് ചാത്തന്നൂർ ജംഗ്ഷനിൽ വിവിധ ആവശ്യങ്ങൾക്കും എത്തുന്നവരും സ്കൂളുകളിലേക്കും ട്യൂഷൻ സെന്ററുകളിലേക്കുംപോകുന്ന വിദ്യർഥികളും കൃത്യ സമയത്ത് എത്താനാവത്ത സാഹചര്യമുണ്ട്. രാത്രിയും പ്രവർത്തിക്കുന്ന ട്യൂഷൻ സെന്ററുകൾ ഉണ്ട്.
ഇവിടെയെല്ലാം എത്തുന്ന വിദ്യാർഥികൾ തിരുമുക്കിൽ എത്തിയാണ് ബസ് കയറുന്നത്. തിരുമുക്കിൽ നിന്ന് സർക്കാർ ഐടിഐയിൽ എത്തേണ്ടവർ മൂന്ന് കിലോമീറ്റർ നടക്കണം. എസ്എൻ കോളജിലും എസ്എൻ ട്രസ്റ്റ് സ്കൂളിലും എത്താൻ അഞ്ചു കിലോമീറ്റർ നടക്കണം. എൻഎസ്എസ് സ്കൂളിൽ എത്തേണ്ടവർ രണ്ടു കിലോമീറ്റർ നടക്കണം.
കെഎസ്ആർടിസി ഡിപ്പോയിൽ പോകേണ്ടവർ രണ്ട് ബസ് കയറണം. വിദ്യാർഥികൾ നടന്ന് തളരുമ്പോൾ ജനങ്ങൾക്ക് രണ്ടു ബസ് കയറേണ്ട അധിക ചെലവും ഉണ്ടാകുന്നു. ഇതിനു പരിഹാരമായി പരവൂർ ഭാഗത്തു നിന്ന് വരുന്ന ബസുകൾ പാലമൂട് വഴി തിരിഞ്ഞു ബ്ലോക്ക് ഓഫീസിനു മുന്നിലൂടെ ചാത്തന്നൂർ ജംഗ്ഷനിൽ എത്തി കൊട്ടിയത്തേക്ക് പോയാൽ വിദ്യാർഥികളുടെയും ജനങ്ങളുടെയും യാത്രാ ദുരിതത്തിന് പരിഹാരം ഉണ്ടാവും.