സിപിഎം സംസ്ഥാന സമ്മേളന സ്വാഗത സംഘം ഓഫീസ് തുറന്നു
1507741
Thursday, January 23, 2025 6:03 AM IST
കൊല്ലം: സിപിഎം സംസ്ഥാന സമ്മേളന സ്വാഗത സംഘം ഓഫീസ് എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഇഎംഎസ് സർക്കാരിനെതിരായ വിമോചന സമരം പുതിയ രൂപത്തിൽ പുറത്തെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
സംസ്ഥാന കമ്മിറ്റിയംഗം കെ. വരദരാജൻ അധ്യക്ഷത വഹിച്ചു.
ജനറൽ കൺവീനർ എസ്. സുദേവൻ സ്വാഗതവും കൊല്ലം ഏരിയ സെക്രട്ടറി എച്ച്. ബെയ്സിൽ ലാൽ നന്ദിയും പറഞ്ഞു. മുതിർന്ന നേതാവ് പി.കെ. രുദാസൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ജെ. ഴ്സിക്കുട്ടിയമ്മ, സൂസൻ കോടി, എം.എച്ച്. ഷാരിയർ, ചിന്ത ജെറോം, മേയർ പ്രസന്ന ഏണസ്റ്റ്, സിഐടിയു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ, എം. വശങ്കരപ്പിള്ള, പി.എ. ഏബ്രഹാം, വി.കെ. അനിരുദ്ധൻ, എക്സ്. ഏണസ്റ്റ്, ബി. തുളസീധരക്കുറുപ്പ് എന്നിവർ പങ്കെടുത്തു.
സിപിഎം 24ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം മാർച്ച് ആറു മുതൽ ഒമ്പതു വരെയാണ് കൊല്ലത്ത് നടക്കുന്നത്. സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി ഫെബ്രുവരി 17 ന് എൻഎസ് ദിനാചരണ ഭാഗമായി പാർട്ടി ഓഫീസുകൾ അലങ്കരിക്കും. പാർട്ടി ഓഫീസുകളിലും പാർട്ടി അംഗങ്ങളുടെയും അനുഭാവികളുടെയും വീടുകളിലും പതാക ഉയർത്തും.
17, 18 തീയതികളിൽ കൊല്ലം ശുചിത്വ ജില്ല ലക്ഷ്യവുമായി വീടുകളും പൊതുഇടങ്ങളും ശുചീകരിക്കും. എന്റെ ഭവനം ശുചിത്വ ഭവനം, മുറ്റത്തൊരു വൃക്ഷം എന്നീ സന്ദേശങ്ങളുമായി കാന്പയിൻ സംഘടിപ്പിക്കും.
ഫെബ്രുവരി 25 ന് ലോക്കൽ കേന്ദ്രങ്ങളിൽ വൈകുന്നേരം അഞ്ചിന് റെഡ് വൊളന്റിയർ പരേഡും സല്യൂട്ട് സ്വീകരിക്കലും നടക്കും.