കാട്ടുകടന്നൽ കുത്തേറ്റു: 10 തൊഴിലാളികൾക്ക് പരിക്ക്
1497427
Wednesday, January 22, 2025 6:55 AM IST
കിളിമാനൂർ: തൊഴിലുറപ്പ് പദ്ധതി ജോലിക്കിടയിൽ സ്ത്രീ തൊഴിലാളികൾക്ക് കാട്ടുകടന്നലുകളുടെ കുത്തേറ്റു. 10 തൊഴിലാളികൾക്കാണ് പരിക്കേറ്റത്. പുല്ലതോട്ടം, ഇരമം സ്വദേശികളായ പത്മിനി (66), ബിന്ദുദാസ് (44) , മിനി (49), വൈജയന്തി (70), മിനി (44), വസന്ത (65), ഷെർളി (52) ബിജി (43), സുധർമിണി (70), ലിസിയ (58 ) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കേശവപുരം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു .
എല്ലാവരും അപകടനില തരണം ചെയ്തു. ഇന്നലെ രാവിലെ പത്തോടെ നഗരൂർ പഞ്ചായത്തിൽ കോട്ടയ്ക്കൽ വാർഡിൽ പുല്ലുതോട്ടം കുഴിവിള നടത്തിൽ ഗോപി എന്നയാളുടെ പുരയിടത്തിൽ പണിയിൽ ഏർപ്പെട്ടിരിക്കുമ്പോൾ തൊഴിലാളികളിൽ ഒരാളുടെ മൺവെട്ടി കൊണ്ടുള്ള വെട്ടേറ്റു കാട്ടുകടന്നൽ കൂട്ടമായി ഇളകി തൊഴിലാളികളെ ആക്രമിക്കുകയായിരുന്നു .
വർഷങ്ങളായി കാടുപിടിച്ചു കിടക്കുന്ന പുരയിടമായിരുന്നു ഇത്. വിവരമറിഞ്ഞെത്തിയ വാർഡ് അംഗം അനോബ് ആനന്ദ് 108 ആംബുലൻസിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ഡി. സ്മിത, വൈസ് പ്രസിഡന്റ് സുരേഷ് കുമാർ, എ.എസ്. വിജയലക്ഷ്മി, പഞ്ചായത്തംഗങ്ങളായ നിസാമുദ്ദീൻ നാലപ്പാട്ട് എന്നിവർ ആശുപത്രിയിൽ എത്തിയിരുന്നു.