കടൽ മണൽ ഖനനത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറണം: കെഎൽസിഎ
1508021
Friday, January 24, 2025 6:10 AM IST
കൊല്ലം: കൊല്ലം തീരത്തെ കടൽ മണൽ ഖനനത്തിൽ നിന്ന് കേന്ദ്രസർക്കാർ പിൻമാറണമെന്ന് കെഎൽസിഎ കൊല്ലം രൂപത ആവശ്യപ്പെട്ടു. കടലിൽ നിന്ന് മണൽ ഖനനം ചെയ്യുവാനുള്ള പദ്ധതിയുടെ ടെൻഡർ നടപടികൾ കേന്ദ്രസർക്കാർ ആരംഭിച്ചിരിക്കുകയാണ്.
ഖനനത്തിന് സ്വകാര്യ കുത്തകകൾക്ക് അനുമതി നൽകുന്നതിനു വേണ്ടിയാണ് ടെൻഡർ. കൊല്ലം തീരത്ത് 242 ചതുരശ്ര കിലോമീറ്റർ കടൽ ഖനനത്തിന് തുറന്നു കൊടുക്കുമെന്നാണ് സർക്കാർ പുറത്തിറക്കിയ ടെൻഡർ വിജ്ഞാപന പ്രകാരം വ്യക്തമാകുന്നത്. മണൽ ഖനനം മൂലമുള്ള പ്രത്യാഘാതങ്ങൾ രൂക്ഷവും ദൂരവ്യാപകവും ആണ്. മത്സ്യസമ്പത്തിന്റെ ലഭ്യത കുറയും.
ഖനനം തീരദേശത്തെ ആവാസവ്യവസ്ഥയെ തകർക്കുമെന്നും കെഎൽസിഎ ആരോപിക്കുന്നു. കൊല്ലം പരപ്പ് ഇന്ത്യയുടെ തെക്കുപടിഞ്ഞാറ് തീരത്തെ ഏറ്റവും വലിയ മത്സ്യസമ്പത്തിന്റെ കേന്ദ്രമാണ്. കടൽ മണൽ നിക്ഷേപത്തിന് മുകളിൽ 1.5 മീറ്റർ വരെ ചെളിയും അവശിഷ്ടങ്ങളും നീക്കിയാണ് ഖനനം നടത്തുക.
ജൈവ സമ്പത്തിന്റെയും മത്സ്യ കേന്ദ്രീകരണത്തിന്റെയും ഉറവിടം ഈ മേൽമണ്ണാണ്.കേരളതീരത്തെ മത്സ്യബന്ധന മേഖലയെ തകർക്കുന്ന തീരുമാനത്തിൽ നിന്ന് കേന്ദ്രം പിൻമാറണം. കടൽ ഖനനവുമായി സർക്കാർ മുന്നോട്ടു പോയാൽ കൊല്ലം തീരത്ത് ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് കെഎൽസിഎ മുന്നറിയിപ്പ് നൽകി.
കേന്ദ്രസർക്കാർ കോർപ്പറേറ്റുകളുമായി ചേർന്ന് തയാറാക്കിയ പദ്ധതിയെ എതിർക്കാൻ കേരളത്തിലെ ഭരണ, പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ തയാറാകണമെന്ന് കെഎൽസിഎ രൂപത പ്രസിഡന്റ് ലെസ്റ്റർ കാർഡോസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ആവശ്യപ്പെട്ടു.
ജാക്സൺ നീണ്ടകര, ഫാ. ജോർജ് സെബാസ്റ്റ്യൻ, ലെക്റ്റീഷ്യ മാർട്ടിൻ, വിൻസി ബൈജു, ജോസഫ് കുട്ടി കടവിൽ, അനിൽ ജോൺ, അഡ്വ. ഫ്രാൻസിസ് ജെ. നെറ്റോ, എഡിസൺ അലക്സ്, ഡൊമിനിക് ജോസഫ്, ജോയി ഫ്രാൻസിസ്, സാലി, അജിതാ ഷാജി, ആൻഡ്രൂ സിൽവ, റൊണാ റിബേറോ, ഡൽസി ആൻറണി, ഹാരിസൺ ഹെൻട്രി എന്നിവർ പ്രസംഗിച്ചു.