ഡോ. വെള്ളിമൺ നെൽസന് സാഹിത്യ പുരസ്കാരം സമ്മാനിച്ചു
1507750
Thursday, January 23, 2025 6:13 AM IST
കൊല്ലം: സമഗ്ര സാഹിത്യ സംഭാവനയ്ക്കുള്ള 2024 കമലദളം സാഹിത്യ അക്കാദമി അവാർഡ് ഡോ. വെള്ളിമൺ നെൽസന് എൻ.കെ. പ്രേമചന്ദ്രൻ എംപി സമ്മാനിച്ചു. കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന സമ്മേളനം മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു.
ഭാഷാ പണ്ഡിതൻ, എഴുത്തുകാരൻ, സാമൂഹിക സാംസ്കാരിക പ്രവർത്തകൻ എന്നീ നിലകളിൽ പ്രസിദ്ധനായ ഡോ. വെള്ളിമൺ നെൽസന് അർഹിക്കുന്ന അംഗീകാരമാണ് കമലദളം പുരസ്കാരത്തിലൂടെ ലഭിച്ചതെന്ന് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു.
വിവർത്തന കൃതികൾ ഉൾപ്പെടെ സാഹിത്യത്തിന്റെ വിവിധ ശാഖകളിലായി 47 കൃതികളുടെ കർത്താവായ ഡോ.വെള്ളിമൺ നെൽസൺ സാഹിത്യ സാമൂഹ്യ രംഗങ്ങളിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന അതുല്യ പ്രതിഭയാണെന്ന് പുരസ്കാര സമർപ്പണം നിർവഹിച്ച എൻ.കെ.പ്രേമചന്ദ്രൻ എംപി പറഞ്ഞു.
കമലദളം സാഹിത്യ അക്കാദമി ചെയർമാൻ എൻ.എൻ. ലാലു അധ്യക്ഷത വഹിച്ചു. കൊല്ലംമുൻ ബിഷപ് ഡോ. സ്റ്റാൻലി റോമൻ അനുഗ്രഹ പ്രഭാഷണം നടത്തി. സംസ്ഥാന വിവരാവകാശ മുൻ കമ്മീഷണർ പി.എൻ. വിജയകുമാർ, കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. മോഹൻ, മഹാത്മാഗാന്ധി സർവകലാശാല രജിസ്ട്രാർ ഡോ. കെ സാബു കുട്ടൻ, പ്രഫ. ജി. മോഹൻദാസ്, ഡോ. ഡി. പുരുഷോത്തമൻ, ഡോ. വെള്ളിമൺ നെൽസൺ, നീലേശ്വരം സദാശിവൻ എന്നിവർ പ്രസംഗിച്ചു.
പുരസ്കാര സമർപ്പണ സമ്മേളനത്തോടനുബന്ധിച്ച് നടന്ന കവിയരങ്ങ് കൊല്ലം ശേഖർ ഉദ്ഘാടനം ചെയ്തു. അപ്സര ശശികുമാർ അധ്യക്ഷത വഹിച്ചു.