കൊന്ന് കുഴിച്ചുമൂടിയ കാട്ടുപന്നിയെ ഇറച്ചിയാക്കി വിറ്റു; ഒരാള്‍ അറസ്റ്റില്‍
1507749
Thursday, January 23, 2025 6:13 AM IST
അഞ്ചല്‍: വിളക്കുപാറയിൽ കൊന്ന് കുഴിച്ചുമൂടിയ കാട്ടുപന്നിയെ ഇറച്ചിയാക്കി വിറ്റ സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍.ഏരൂര്‍ വിളക്കുപാറ കമ്പകത്തടം മഞ്ജു ഭവനില്‍ ജോബിന് എന്ന ജിബിന്‍ ജോസഫ് (43) ആണ് അറസ്റ്റിലായത്. കൂട്ടാളി സുരേഷ് ഒളിവിലാണ്. കഴിഞ്ഞ ദിവസമാണ് കമ്പകതടം പള്ളിക്ക് സമീപം അപകടകാരികളായ കാട്ടുപന്നികളെ കണ്ടെത്തിയത്.
ഇതേ തുടർന്ന് മനുഷ്യജീവന് ഭീഷണിയായ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാന്‍ ഏരൂര്‍ പഞ്ചായത്ത് നൽകിയ നിര്‍ദേശിച്ചു. തോക്ക് ലൈസന്‍സ് ഉള്ള വിളക്കുപാറ സ്വദേശി ദാനീയേലിനെ പഞ്ചായത്ത് അധികൃതര്‍ വെടിവയ്ക്കാൻ ചുമതലപ്പെടുത്തുകയും ചെയ്തു. വിളക്കുപാറ കമ്പകതടത്തില് പള്ളിക്ക് സമീപത്ത് ഒരു കാട്ടുപന്നിയെ വെടിവച്ചു കൊല്ലുകയും നിയമപ്രകാരം കുഴിച്ചു മൂടുകയും ചെയ്തു.
പിടിയിലായ ജിബിന്‍ ഉള്‍പ്പടെയുള്ളവര്‍ ചേര്‍ന്നാണ് പന്നിയെ കുഴിച്ചുമൂടിയത്. രാത്രിയിൽ ജിബിനും സംഘവും എത്തി പന്നിയെ പുറത്തെടുത്ത് മറ്റൊരിടത്തേക്ക് കൊണ്ടുപോയി ഇറച്ചിയാക്കി മറ്റുള്ളവർക്ക് എത്തിക്കുകയുമായിരുന്നു.
രഹസ്യ വിവരം ലഭിച്ച അഞ്ചല്‍ റേഞ്ച് ഫോറസ്റ്റ് അധികൃതര്‍ പ്രതിയുടെ വീട്ടില്‍ നിന്ന് ഇറച്ചി ഉള്‍പ്പടെ പിടികൂടുകയും ജിബിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഒളിവില്‍ പോയ കൂട്ടാളി സുരേഷിനെ ഉടന്‍ പിടികൂടുമെന്നും കേസില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടോയെന്നും അന്വേഷിച്ചു വരികയാണെന്നും റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അജിത്ത് അറിയിച്ചു.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ സ്ഥലത്തു എത്തിച്ച് തെളിവെടുപ്പ് നടത്തിയശേഷം വൈദ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കി.