ദമ്പതികൾ നെയ്യാറിൽ മരിച്ച നിലയിൽ
1508030
Friday, January 24, 2025 6:10 AM IST
നെയ്യാറ്റിന്‍കര : തലസ്ഥാനപത്രികയുടെ പത്രാധിപര്‍ മുട്ടട അറപ്പുര ലെയ്നില്‍ ഹൗസ് നന്പര് 53 എ യില്‍ പരുത്തിപ്പാറ സ്നേഹദേവും പത്നി ശ്രീകലയും അരുവിപ്പുറം നെയ്യാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാവിലെ ഒന്‍പതോടെ അരുവിപ്പുറം മഠത്തിനു സമീപത്തു നിന്നും ഇരുന്പിലിലേയ്ക്ക് പോകുന്ന പാതയോരത്തെ വലിയവിളാകം കടവില്‍ ഒരു സ്ത്രീയുടെ മൃതദേഹം വെള്ളത്തില്‍ കമിഴ്ന്ന് കിടക്കുന്ന നിലയില്‍ നാട്ടുകാര്‍ ശ്രദ്ധിച്ചു.
പിന്നീട് സ്ഥലത്തെത്തിയ പോലീസ് വിവരം അറിയിച്ചതനുസരിച്ച് ഫയര്‍ഫോഴ്സെത്തി മൃതദേഹം പുറത്തെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് സമീപത്തായി ഒരു പുരുഷന്റെ ചലനമറ്റ ശരീരം കൂടി കാണപ്പെട്ടത്.
പുരുഷന്റെ വലതു കൈയും സ്ത്രീയുടെ ഇടതുകൈയും കറുത്ത ഷാള്‍ കൊണ്ട് കൂട്ടിക്കെട്ടിയിരുന്നു. തുടര്‍ന്ന് പുരുഷന്റെ പോക്കറ്റിലുണ്ടായിരുന്ന താക്കോല്‍ ഉപയോഗിച്ച് ഇവരുടെ വാഹനം തുറന്നപ്പോള്‍ മരണമടഞ്ഞവരെ സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ പോലീസിന് ലഭിച്ചു.
പരുത്തിപ്പാറ റോഡില്‍ അറപ്പുര ഭദ്രകാളി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന സ്നേഹദേവിന്റെയും ഭാര്യ ശ്രീകലയുടെയും ഏകമകന് ശ്രീദേവ് ഒരു വര്‍ഷത്തിനു മുന്‍പ് മരണമടഞ്ഞു. വീട്ടില്‍ അത്യാസന്നനിലയിലായ മകനെ ആശുപത്രിയിലെത്തിച്ചിട്ടും ജീവന് രക്ഷിക്കാനായില്ല.
സ്നേഹദേവിന്റെ മുന്നിലായിരുന്നു മകന്റെ അപ്രതീക്ഷിത മരണം. ഏക മകന്റെ വിയോഗം സ്നേഹദേവിനെയും ശ്രീകലയെയും വല്ലാതെ തളര്‍ത്തി.
കഴിഞ്ഞ ഒരു വര്‍ഷമായി ഇരുവരും ദിവസവും ക്ഷേത്രദര്‍ശനവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായാണ് കഴിയുന്നതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ശ്രീദേവ് സ്നേഹദേവ് ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ച് ചില ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്തു.
തലസ്ഥാനപത്രിക ഇപ്പോള്‍ പുറത്തിറങ്ങുന്നില്ല. ശ്രീകല തിരുവനന്തപുരത്തെ ഒരു എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററിലെ അധ്യാപികയാണ്. ഇരുവരും കഴിഞ്ഞ ദിവസം അനുജന്റെ തിരുവനന്തപുരത്തെ റെയില്‍വേ ഓഫീസില്‍ ചെന്ന് കണ്ടിരുന്നു. സ്നേഹദേവും മൂന്നു സഹോദരങ്ങളും നാട്ടില്‍ അടുത്തടുത്തായാണ് താമസിക്കുന്നത്. ജയദേവ് (ഗള്‍ഫ്), അജിദേവ് കുമാര്‍ (റെയില്‍വേ), സജിദേവ് (ബിസിനസ്) എന്നിവരാണ് സഹോദരങ്ങള്‍.
പുലര്‍ച്ചെ അരുവിപ്പുറത്തെത്തിക്കാണുമെന്നും കാര്‍ ക്ഷേത്രം പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്ത് സ്നേഹദേവും ശ്രീകലയും വലിയവിളാകം കടവിലെത്തി ജീവനൊടുക്കിയതാകാമെന്നുമാണ് ബന്ധുക്കളും സുഹൃത്തുക്കളും പോലീസുമൊക്കെ പ്രാഥമികമായി കരുതുന്നത്.
നെയ്യാറില്‍ മൃതദേഹങ്ങള്‍ കാണപ്പെട്ടയിടത്ത് ഒഴുക്ക് കുറവാണെങ്കിലും രണ്ടാളിലേറെ താഴ്ചയുണ്ടെന്ന് സമീപവാസികള്‍ ചൂണ്ടിക്കാട്ടി.
നദീതീരത്തായി ഇരുവരുടെയും ചെരിപ്പുകളും ഒരു ഫ്രൂട്ടി കുപ്പിയും കണ്ടെത്തി. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞാലേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു. ബന്ധുക്കളും സുഹൃത്തുക്കളും സ്ഥലത്തെത്തി മൃതദേഹങ്ങള്‍ തിരിച്ചരിഞ്ഞതോടെ പോലീസ് പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനയച്ചു.
വൈകുന്നേരത്തോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലാണ്. ഇന്ന് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
മകന്റെ മരണം സംബന്ധിച്ച മാനസിക വ്യഥയിലാണെന്നും മകന്റെ മരണത്തിന് നീതി കിട്ടിയില്ലായെന്നുമൊക്കെയുള്ള പരാമര്‍ശങ്ങളുള്ള ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
തങ്ങള്‍ ആത്മഹത്യ ചെയ്യുന്നതല്ലെന്നും മകന്റെ അടുത്തേയ്ക്ക് പോവുകയാണെന്നും കാറില്‍ നിന്നും കണ്ടെടുത്ത കുറിപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നു. പോലീസ് കേസെടുത്തു.