ബന്ധുനിയമന ആരോപണം: പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ച് ഉപരോധസമരം
1497434
Wednesday, January 22, 2025 7:07 AM IST
വെഞ്ഞാറമൂട്: മാണിക്കൽ പഞ്ചായത്തിൽ അങ്കണവാടി വർക്കർ നിയമനം നടത്തിയ സെലക്ഷൻ കമ്മിറ്റിയുടെ ചെയർമാനായ പഞ്ചായത്ത് പ്രസിഡന്റ് ബന്ധുനിയമനം നടത്തിയെന്നു ബോധ്യപ്പെട്ടു ഹൈക്കോടതി നിയമനങ്ങൾ റദ്ദുചെയ്ത സാഹചര്യത്തിൽ സ്വജനപക്ഷപാതം നടത്തിയ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് കമ്മിറ്റി കൂടാൻ പാടില്ലെന്നാവശ്യപ്പെട്ട് കോൺഗ്രസ് ജനപ്രതിനിധികൾ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ച് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഉപരോധസമരം നടത്തി.
രാഷ്ട്രീയമായി രൂപീകരിച്ച സെലക്ഷൻ കമ്മിറ്റി പിരിച്ചുവിട്ട് പുനർനിയമനങ്ങൾ നടത്തണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. സമരം ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. വെമ്പായം അനിൽകുമാർ ഉദ് ഘാടനം ചെയ്തു.
പാർലമെന്ററി പാർട്ടി ലീഡർ വെമ്പായം മനോജ്, അംഗങ്ങളായ പള്ളിക്കൽ നസീർ, കോലിയക്കോട് മഹേന്ദ്രൻ, വെള്ളാണിക്കൽ ബിനു, കോൺഗ്രസ് നേതാക്കളായ പാറയ്ക്കൽ ഭുവനചന്ദ്രൻ, കൂരുപറമ്പിൽ ദാമോദരൻ, മണിക്കുട്ടൻ എന്നിവർ പങ്കെടുത്തു.