മുങ്ങിമരിച്ച പോലീസുകാരന്റെ കുടുംബത്തിനു സഹപ്രവർത്തകരുടെ കൈത്താങ്ങ്
1497433
Wednesday, January 22, 2025 7:07 AM IST
നെടുമങ്ങാട്: കരമനയാറിൽ മുങ്ങി മരിച്ച ആര്യനാട് സ്വദേശിയായ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ വി.ആർ. അനിൽകുമാറിന്റെ കുടുംബത്തിന് കേരള പോലീസിന്റെ കൈതാങ്ങ്. ഹൗസിംഗ് സഹകരണ സംഘം വഴി നൽകുന്ന അപകട ഇൻഷ്വറൻസിന്റെ തുകയാണ് കുടുംബത്തിന് കൈമാറിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് നാലിനാണ് ആര്യനാട് മൂന്നാറ്റുമുക്ക് ഭാഗത്തെ കരമനയാറ്റിൽ കുളിക്കാനിറങ്ങിയ അനിൽ കുമാറും മകനുമടക്കം ഒരു കുടുംബത്തിലെ നാലുപേർ മുങ്ങി മരിച്ചത്.
കോട്ടയ്ക്കകം പൊട്ടൻചിറ ശ്രീനിവാസിൽ അനിൽകുമാർ, മകൻ അമൽ, അനിൽ കുമാറിന്റെ സഹോദരന്റെ മകൻ അദ്വൈത്, സഹോദരിയുടെ മകൻ ആനന്ദ് എന്നിവർ ഒഴിക്കിൽപെട്ടു മരണപ്പെട്ടത്. അന്നു പോലീസ് ആസ്ഥാനത്തെ ഐജിയായിരുന്ന ഹർഷിത അട്ടലൂരിയുടെ ഡ്രൈവറായിരുന്നു അനിൽകുമാർ. 20 ലക്ഷം രൂപയുടെ അപകട ഇൻഷ്വ റൻസും പത്തു ലക്ഷം രൂപയുടെ സി പി എസും കുടുംബത്തിന് ലഭിച്ചു. മന്ത്രി വി.എൻ. വാസവൻ തുക കൈമാറൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
വിവിധ ക്ഷേമ പ്രവർത്തനങ്ങൾ നടപ്പിലാക്കി കുടുംബങ്ങൾക്ക് താങ്ങും തണലുമായി നിൽക്കുന്ന പോലീസ് സഹകരണ സംഘത്തിന്റെ പ്രവർത്തനങ്ങൾ സമൂഹത്തിനു മാതൃകയാണെന്നു മന്ത്രി പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങളിലൂടെ സഹകരണ മേഖലയ്ക്ക് തന്നെ സംഘം കരുത്താണെന്നും അദ്ദേഹം കൂട്ടിചേർത്തു. പോ ലീസ് ഓഫീസേഴ് സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ.പ്രശാന്ത് അധ്യക്ഷത വഹിച്ചു.
ജി.സ്റ്റീഫൻ എംഎൽഎ അനുസ്മരണ പ്രഭാഷണം നടത്തി. ബിവറേജ് കോർപറേഷൻ എംഡി ഐജി ഹർഷിത അട്ടല്ലൂരി, റൂറൽ എസ്പി കെ. എസ്. സുദർശനൻ, കേരള പോലീസ് ഓഫീസേഴ്സ് അസോ. സംസ്ഥാന ജോയിന്റ് സെക്രട്ടറി വി. ചന്ദ്രശേഖരൻ, ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് വി. വിജുമോഹൻ,
കേരള പോലീസ് ഓഫീസേഴ്സ് അസോ. ഭാരവാഹികളായ ഇ.എസ്. ബിജുമോൻ, എ. സുധീർഖാൻ, പഞ്ചായത്തംഗം അയിത്ത് അശോകൻ,എക് സി. ഡയറക്ടർ ആർ.കെ. ജ്യോതിഷ്, കേരള പോലീസ് ഹൗസിംഗ് സഹ. സംഘം വൈസ് പ്രസിഡന്റ് സി.ആർ. ബിജു, സലിമോൾ കോശി എന്നിവർ പ്രസംഗിച്ചു.