കൊല്ലത്ത് സമരപ്പന്തൽ പൊളിച്ചു; സംഘർഷം
1507745
Thursday, January 23, 2025 6:03 AM IST
'കൊല്ലം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഇന്നലെ നടത്തിയ പണിമുടക്കിനിടെ കൊല്ലത്ത് ചെറിയ തോതില്‍ സംഘര്‍ഷം. കൊല്ലം കളക്ടറേറ്റിന് മുമ്പില്‍ സ്ഥാപിച്ച സമരപ്പന്തല്‍ പോലീസ് പൊളിച്ച് നീക്കിയതാണ് സംഘര്‍ഷത്തിന് കാരണമായത്.
രാവിലെ കളക്ടറേറ്റിന് മുമ്പില്‍ സമരക്കാര്‍ എത്തിയിരുന്നു. ഈ സമയം കളക്ടറേറ്റിന്റെ കവാടത്തിന് എതിര്‍വശത്തായി ജോയിന്റ് കൗണ്‍സില്‍ കെട്ടിയിരുന്ന സമരപ്പന്തല്‍ പോലീസ് പൊളിച്ചു നീക്കി. സമരപ്പന്തല്‍ പൊളിച്ചു നീക്കിയ നടപടി ചോദ്യം ചെയ്ത സമരക്കാരോട് ഹൈക്കോടതി ഉത്തരവുണ്ടെന്നായിരുന്നു പോലിസിന്റെ മറുപടി.
സ്ഥിരമായി സമരപ്പന്തല്‍ കെട്ടുന്ന സ്ഥലത്താണ് തങ്ങളും കെട്ടിയതെന്നും സമരം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് നടപടിയെന്നും ജോയിന്റ് കൗൺസിൽ ആരോപിച്ചു. തുടര്‍ന്നു പ്രധാന കവാടത്തിനു മുമ്പില്‍ നിലയുറപ്പിച്ച സമരക്കാരെ നീക്കാന്‍ ശ്രമിച്ചതോടെ പോലീസും സമരക്കാരും തമ്മില്‍ വാക്കേറ്റമായി. ഇത് ചെറിയ തോതില്‍ സംഘര്‍ഷത്തിന് കാരണമായി. പിന്നീട് സമരക്കാര്‍ കളക്ടറേറ്റിന് ചുറ്റും പ്രതിഷേധ പ്രകടനം നടത്തി.
അധ്യാപക സർവീസ് സംഘടന സമിതിയുടെ നേതൃത്വത്തിൽ നടന്ന പണിമുടക്ക് ജില്ലയിൽ ഓഫീസുകളെ കാര്യമായി ബാധിച്ചു. കലക്ടറേറ്റിലേയും രണ്ട് ആർഡി ഓഫിസുകളിലേയും ആറ് താലൂക്ക് ഓഫസീസിലേയും കൂടുതൽ ജീവനക്കാർ പണിമുടക്കിൽ പങ്കെടുത്തു. കളക്ടറേറ്റിലെ 80 ശതമാനത്തിന് മുകളിൽ ജീവനക്കാർ പണിമുടക്കി. റവന്യൂ വകുപ്പിൽ ജില്ലിയിലെ ആകെ ജീവനക്കാരായ 1,503 ൽ 1,294 പേരും പണിമുടക്കി. 152 പേരാണ് ജോലിക്ക് ഹാജരായത്. ബാക്കിയുള്ളവർ അവധിയിലാണ്.
സിവിൽ സപ്ലൈസ് വകുപ്പിലെ ആകെയുള്ള 126 ജീവനക്കാരിൽ 100 പേരും പണിമുടക്കിൽ പങ്കാളികളായി. 20 പേർ മാത്രമാണ് ജോലിക്ക് ഹാജരായത്.
ജില്ലയിലെ 105 വില്ലേജ് ഓഫീസുകളിൽ 95 എണ്ണവും എല്ലാ കൃഷിഭവനുകളും മൃഗസംരക്ഷണ വകുപ്പിന്റെ 200 ഓഫീസുകളിൽ 190 എണ്ണവും കരുനാഗപ്പള്ളി ജോയിന്റ് ആർടി ഓഫീസും അടഞ്ഞു കിടന്നു. ജില്ലയിൽ കൊല്ലം ഒഴിച്ച് മറ്റ് എല്ലായിടത്തും പണിമുടക്ക് പൊതുവേ സമാധാനപരമായിരുന്നു.