വാര്‍ഷിക പദ്ധതി: ഭേദഗതികള്‍ക്ക് അംഗീകാരം നല്കി
1508032
Friday, January 24, 2025 6:20 AM IST
കൊല്ലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട ഭേദഗതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്കി. 10 പഞ്ചായത്തുകള്‍, അഞ്ച് ബ്ലോക്ക് പഞ്ചായത്തുകള്‍, രണ്ട് മുനിസിപ്പാലിറ്റികൾ എന്നിവയുടെ പദ്ധതികളാണ് അംഗീകരിച്ചത്. 2025-26 വാര്‍ഷിക പദ്ധതി രൂപീകരണം ഉടനെ പൂര്‍ത്തികരിക്കുന്നതിന് തദ്ദേശസ്ഥാപന അധ്യക്ഷന്മാര്ക്കും സെക്രട്ടറിമാര്‍ക്കും നിര്‍ദേശം നല്കി.
സര്‍ക്കാരിന്റെ മുന്‍ഗണനാ പദ്ധതികൾ ജില്ലാ ആസൂത്രണ സമിതി നല്കുന്ന നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായാണ് വാര്‍ഷിക പദ്ധതി രൂപീകരിക്കേണ്ടത്.
ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷന്, ജില്ലാതല ജൈവവൈവിധ്യ രജിസ്റ്റര്‍, കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായത്ത്, ജലബജറ്റ്, മറൈന്‍ അക്വേറിയം, തുടര്‍ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍, എബിസി പ്രോഗ്രാം, ഹെല്‍ത്ത് ഗ്രാന്റുമായി ബന്ധപ്പെട്ട് സ്ഥലം ഇല്ലാത്ത പിഎച്ച്സി/ സബ് സെന്ററുകള്‍ക്ക് സ്ഥലം ലഭ്യമാക്കുന്നതിനുള്ള പദ്ധതികള്‍ തുടങ്ങിയവ വാര്‍ഷിക പദ്ധതിയുടെ ഭാഗമാക്കാന്‍ യോഗം നിര്‍ദേശം നല്കി.
ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന ആസൂത്രണ സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപന് അധ്യക്ഷനായി. ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ്, സര്‍ക്കാര്‍ നോമിനി എം. വിശ്വനാഥന്,
ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ എന്‍.എസ്. പ്രസന്നകുമാര്‍, ബി. ജയന്തി, വസന്ത രമേശ്, അനില്‍ സി. കല്ലേലിഭാഗം, ജെ. നജീബത്ത്, ഡോ. ഷാജി, സബ് കളക്ടര്‍ നിഷാന്ത് സിന്‍ഹാര, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.ജെ. ആമിന, തദ്ദേശസ്ഥാപന അധ്യക്ഷന്മാര്, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.