അംബേദ്കർക്കുനേരെയുള്ള അവഹേളനത്തിൽ അമിത്ഷാ മാപ്പുപറയണം : കൊടിക്കുന്നിൽ
1490006
Wednesday, December 25, 2024 6:28 AM IST
കൊല്ലം: ഡോ. അംബേദ്കർക്ക് നേരെയുള്ള അവഹേളനത്തിന്റെ പേരിൽ അമിത് ഷാ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും ആഭ്യന്തരമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കണമെന്നതുമാണ് കോൺഗ്രസിന്റെ മുഖ്യ ആവശ്യമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. അംബേദ്കർ നിലകൊണ്ട നീതിയുടെയും സമത്വത്തിന്റെയും അന്തസിന്റെയും ആദർശങ്ങളോടുള്ള അവഹേളനമാണ് അദ്ദേഹം തൽസ്ഥാനത്ത് തുടരുന്നതെന്നും കൊടിക്കുന്നിൽ പത്രസമ്മേളനത്തിൽ ആരോപിച്ചു.
അടിച്ചമർത്തപ്പെട്ടവരെ ശാക്തീകരിച്ചതിനല്ല, മറിച്ച് ഇന്ത്യൻ സമൂഹത്തിലെ ഏറ്റവും ദുർബലരായ വിഭാഗങ്ങൾക്ക് നേരെ ആസൂത്രിതമായ ആക്രമണംനടത്തിയതിനാണ് ചരിത്രം ഈ സർക്കാരിനെ ഓർക്കുക. ബിജെപിയുടെ നയങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്, പട്ടികജാതി, പട്ടികവർഗക്കാർ, മറ്റ് പിന്നാക്ക വിഭാഗങ്ങൾ എന്നിവർക്ക് ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളും സംരക്ഷണങ്ങളും ഇല്ലാതാക്കുന്ന വിധമാണെന്നും കൊടിക്കുന്നിൽ ആരോപിച്ചു.
നീതിയുടെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും തത്വങ്ങൾ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരായതെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ എന്ന നിലയിൽ, ഭരണഘടനയെ തുരങ്കം വയ്ക്കാനും ഡോ. ബി.ആർ അംബേദ്കറുടെ പാരമ്പര്യത്തെ കളങ്കപ്പെടുത്താനുമുള്ള ശ്രമങ്ങൾക്കെതിരെ ഒറ്റക്കെട്ടായി നിൽക്കേണ്ടത് അനിവാര്യമാണ്. ഇന്ത്യൻ ഭരണഘടന ഒരു നിയമപരമായ രേഖ മാത്രമല്ല; അത് ഓരോ ഇന്ത്യൻ പൗരനും അവകാശങ്ങൾ ഉറപ്പുനൽകുന്ന, നമ്മുടെ ജനാധിപത്യത്തിന്റെ അടിത്തറയാണെന്നും കൊടിക്കുന്നിൽ പറഞ്ഞു.