നിഷ്കളങ്കരുടെ പിറവി ദിനം
1489990
Wednesday, December 25, 2024 6:19 AM IST
ഇന്ന് ക്രിസ്മസ്. ഒരു പുതിയ യുഗം ആരംഭിച്ചതിന്റെ സ്മരണാദിനം. സമാധാനത്തിന്റെയും സന്മനസിന്റെയും സന്ദേശം പ്രചരിപ്പിച്ചു കൊണ്ടുള്ള യേശുക്രിസ്തുവിന്റെ തിരുപ്പിറവിക്ക് 2024 വർഷങ്ങൾ പൂർത്തിയാകുന്ന ദിനം. വിശുദ്ധവർഷം 2025ന്റെ പ്രത്യാശയിലേക്കും തീർഥാടനത്തിലേക്കും ലോകം പ്രവേശിക്കുന്നതും ഇന്നു തന്നെയാണല്ലോ!
ജെറുസലേമിൽ നിന്ന് 10 കിലോമീറ്റർ അകലെ ഇന്നത്തെ വെസ്റ്റ് ബാങ്കിൽ സ്ഥിതി ചെയ്യുന്ന ബെദ്ലഹേമിലെ ഗുഹാസമാനമായ ഗോശാലയിലാണ് നവമായ ഒരു യുഗം അന്ന് പിറവിയെടുത്തത്. ചരിത്രപുരുഷനായ യേശുക്രിസ്തു ദൈവപുത്രനായി മനുഷ്യാവതാരം പ്രാപിച്ചതിന്റെ സ്മരണയിൽ ശുഭാപ്തിയുടെ ആനന്ദവും ആഹ്ലാദവും ഞാൻ ഈ ദിവസം നിങ്ങൾക്ക് ആശംസിക്കുന്നു.
നാഥന്റെ വർഷം ആരംഭിക്കുമ്പോഴുള്ള സാഹചര്യം എത്ര ലളിതവും നിർമലവും ആയിരുന്നു. ഭൂമിയും പ്രപഞ്ചവും എത്ര ശുദ്ധവും ഹരിതാഭവും ആയിരുന്നു.
മലീമസമാക്കാതെ പ്രകൃതി കാത്തുവച്ച ഗോശാല. അവിടെ മായം ഒട്ടും കലരാത്ത പിള്ളക്കച്ച, കച്ചിൽ, പുൽത്തൊട്ടിൽ ആദിയായവ മനോഹരമായിരുന്നു. സ്വച്ഛവും ശാന്ത സുന്ദരവുമായ സംരക്ഷണയിൽ ജീവജാലങ്ങൾ. മഞ്ഞുകണം പൊഴിക്കുന്ന പ്രകൃതിയാവട്ടെ ശുദ്ധ സംഗീത സാന്ദ്രവും ലാവണ്യവതിയുമായിരുന്നു. ക്ഷീരപഥത്തിലെ താരാഗണങ്ങൾ പ്രകാശപൂരിതങ്ങളായിരുന്നു. സ്വർഗത്തിലെ മാലാഖമാർ അത്യുൽസാഹഭരിതരായി കീർത്തനാലാപനം നടത്തിയ ദിനവുമായിരുന്നു.
ആ യുഗപ്പിറവിയുടെ കേന്ദ്രമായ ഉണ്ണിയേശുവിന്റെ ദർശന സൗഭാഗ്യം ലഭിച്ചത് രണ്ട് കൂട്ടർക്ക് മാത്രമായിരുന്നു. പാവപ്പെട്ട ഒരു കൂട്ടം ആട്ടിടയന്മാർക്കും സമ്പന്നരായ മൂന്ന് വിജ്ഞാനികൾക്കും.
നിഷ്കളങ്കരായിരുന്നു ആടുകളെ മേയിച്ചിരുന്ന ഇടയന്മാർ. തങ്ങളുടെ മേച്ചിൽ സ്ഥലങ്ങളെയും ആട്ടിൻ ഗണത്തെയും ആരോഗ്യപരമായും പരിശുദ്ധമായും സൂക്ഷിക്കുക എന്നല്ലാതെ മറ്റൊന്നും അറിയാത്തവരായിരുന്നു അവർ. ലോകത്തിന്റെ മറ്റ് വശ്യവഞ്ചനകളൊന്നും ഏശാത്തവരുമായിരുന്നു ആ ഇടയ പാലകർ. പ്രകൃതിയോട് ഇണങ്ങി സഹവസിക്കുക, ആട്ടിൻപറ്റത്തെ മേയിക്കുക എന്നല്ലാതെ മറ്റൊരു ലക്ഷ്യവും ദരിദ്രരായ ആ നിഷ്കളങ്കർക്ക് ഇല്ലായിരുന്നു. തങ്ങളെയും തങ്ങൾക്കുള്ളവയെയും പൂർണമായി സമർപ്പിച്ചുകൊണ്ടാണ് ആട്ടിടയന്മാർ ആ ദിവ്യ പൈതലിന്റെ സന്നിധി അന്ന് ധന്യമാക്കിയത്.
അറിവിന്റെ കേദാരവും വാനനിരീക്ഷണത്തിൽ പ്രമുഖരും ഭൗതികസമ്പത്തിൽ അഗ്രഗണ്യരുമായിരുന്നു ജ്ഞാനികളായ ആ മൂന്ന് രാജാക്കന്മാരും. വിശ്വത്തിലെ എല്ലാ ജ്ഞാനവും അറിവും തങ്ങൾക്കില്ല എന്ന് പൂർണ ബോധ്യമുള്ളവരുമായിരുന്നു ആ വിനയശീലർ. ഒട്ടും ഗർവില്ലാത്തവരുമായിരുന്നു. പ്രകൃതിയോട് ചേർന്ന് ജീവിച്ചവർ.
നക്ഷത്രങ്ങളെ സ്വപ്നം കണ്ടവർ. അവരുടെ ഏറ്റവും വലിയ ആഡംബരവും സമ്പാദ്യവും സ്വത്തും ലോകൈകനാഥന് നൽകാൻ അവർ വർഷങ്ങളായി കരുതിവച്ച സ്വർണവും കുന്തിരിക്കവും മീറയും പിന്നെ അവരുടെ നിഷ്കളങ്കഭാവവും ആയിരുന്നു. ആ സമർപ്പണമാവട്ടെ യേശു ക്രിസ്തുവിനെ പറ്റി ലോകത്തിന് അവർ നൽകിയ ഹൃദ്യവും വ്യക്തവുമായ സന്ദേശം നൽകുന്നതായി മാറി: യേശുക്രിസ്തു രാജാധിരാജനാണ്; ആരാധ്യനായദൈവപുത്രനാണ്; മർത്യനായ മനുഷ്യനുമാണ്.
തിരമാലകളുടെ ആരവം മൂലം സമുദ്രത്തിനും വലിയ കൊടുങ്കാറ്റിന്റെ ഹൂങ്കാരശബ്ദത്താൽ വനമേഖലകൾക്കും ആകാശം തൊട്ടു നിൽക്കുന്നു എന്ന ഗർവിന്റെ പൊക്കത്തിൽ പർവതനിരകൾക്കും ഉണ്ണിയേശുവിന്റെതിരിപ്പിറവി ആഘോഷിക്കാൻ അന്ന് സാധിച്ചില്ല.
മലീമസമാക്കാതെ ഭൂപ്രകൃതിയെ കരുതുന്നവരും എല്ലാവർക്കും ഒരു ഇടം ഭൂമിയിലുണ്ട് എന്ന സമഭാവനയുടെ ഉടമകളും നിർമലമായി കാത്തുസൂക്ഷിക്കുന്ന ഹൃദയഅകത്തളങ്ങളുള്ളവരും വീണ്ടും ഈ ദിനത്തിൽ ശ്രദ്ധിക്കപ്പെടുന്നവരാവുകയാണ്.
ലാളിത്യത്തിന്റെ താഴ് വരയിലെ പുൽത്തൊട്ടിയിലേക്ക് നിഷ്കളങ്കരെ ഉണ്ണിയേശു അന്നും ഇന്നും എന്നും ക്ഷണിച്ചുകൊണ്ടേയിരിക്കുന്നു. തിരുപ്പിറവിയുടെ ഹൃദ്യവും ക്ലിപ്തവുമായ ഈ ദൂത് സ്വന്തമാക്കുവാൻ ഇന്നും വിശുദ്ധ വർഷത്തിലും മനുഷ്യകുലത്തിന് സാധിക്കും എന്നാണ് എന്റെ ശുഭാപ്തി വിശ്വാസം.
ബിഷപ് ഡോ.പോൾ ആന്റണി മുല്ലശേരി
(കൊല്ലം മെത്രാൻ)