ചോഴിയക്കോട്, മടത്തറ ഭാഗങ്ങളില്‍ തെരുവ് നായയുടെ ആക്രമണം: നിരവധി പേര്‍ക്ക് പരിക്ക്
1490004
Wednesday, December 25, 2024 6:28 AM IST
മടത്തറ : കുളത്തൂപ്പുഴ, ചോഴിയക്കോട് മടത്തറ ഭാഗങ്ങളില്‍ ഉണ്ടായ തെരുവ് നായകളുടെ ആക്രമണത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞദിവസാണ് നായയുടെ ആക്രമണം ഉണ്ടായത്. ചോഴിയക്കോട് സെനിത്ത് വിലാസം വീട്ടിൽ സജീവ് ലാൽ, കൊച്ചുകലിങ്കു സ്വദേശികൾ ആയ മണിയൻ, അംബിക, മീരാൻ എന്നിവർ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടി.
രാത്രിയില്‍ തകരാറിലായ വാഹനം ശരിയാക്കുന്നതിനിടെയാണ് സജീവ് ലാലിനെ നായ കടിക്കുന്നത്. അംബികയുടെ മുതുകിനാണ് പരിക്കേറ്റത്. മടത്തറ, ശിവൻ മുക്ക് കൊച്ചുകലിങ്ക്, അരിപ്പ ഭാഗങ്ങളിൽ ഒട്ടനവധി വളർത്തു മൃഗങ്ങളെയും മറ്റ് നായ്ക്കളേയും കടിച്ചതായി നാട്ടുകാര്‍ പറയുന്നു.
നായ ആക്രമണ ഭീതിയില്‍ കമ്പു വടിയുമായിട്ടാണ് നാട്ടുകാര്‍ ഇപ്പോള്‍ പുറത്തിറങ്ങുന്നത്. നായകള്‍ക്ക് പേ വിഷ ബാധയുണ്ടെന്നു സംശയിക്കുന്നതായും തമിഴ്നാട്ടില്‍ നിന്നും അക്രമകാരികളായ നായകളെ മലയോര മേഖലയില്‍ ആളൊഴിഞ്ഞ ഭാഗങ്ങളില്‍ വലിയ രീതിയില്‍ വാഹനങ്ങളില്‍ എത്തിച്ച് തള്ളാറുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു.
തെരുവ് നായകളുടെ ആക്രമണത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.