കൂറുമാറ്റ നിരോധന നിയമം : വിധി വരാനിരിക്കേ പഞ്ചായത്ത് പ്രസിഡന്റിനെതിരേ കോൺഗ്രസും
1490000
Wednesday, December 25, 2024 6:28 AM IST
ചാത്തന്നൂർ: സി പി എമ്മിൽ നിന്നും കൂറുമാറി കോൺഗ്രസിലെത്തി ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ ടി. ആർ. സജിലയ്ക്കെതിരെകൂറുമാറ്റ നിരോധന നിയമപ്രകാരം വിധി വരാനിരിക്കെ കോൺഗ്രസും പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് രംഗത്ത്. തിങ്കളാഴ്ച നടന്ന ചിറക്കര ഗ്രാമപഞ്ചായത്ത് കമ്മിറ്റിയോഗത്തിൽ നാടകീയ സംഭവവികാസങ്ങൾ അരങ്ങേറി.
പഞ്ചായത്ത് പ്രസിഡന്റിനെതിരെ അഴിമതി ആരോപണങ്ങളാണ് പ്രതിപക്ഷമായ ഇടതു മുന്നണിയും ഭരണപക്ഷമായ കോൺഗ്രസും ബി ജെ പിയും ഒരേ കമ്മിറ്റിയിൽ ഒരു പോലെ ഉന്നയിച്ചത്. ക്രഷർ യൂണിറ്റുകൾക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ അനുമതിയില്ലാതെ ലൈസൻസ് നല്കിയതും തെരുവ് വിളക്കുകൾ സ്ഥാപിക്കാൻ കരാർ കൊടുത്തവർ പഴയതെരുവ് വിളക്ക് ഉപകരണങ്ങൾ കടത്തി കൊണ്ടുപോയതും അഴിമതിയുടെ പ്രത്യക്ഷ ഉദാഹരണമാണെന്ന് ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ആരോപിച്ചു. ലക്ഷങ്ങളുടെ അനധികൃത പണ പിരിവാണ് നടന്നിട്ടുള്ളതെന്നാണ് മറ്റൊരു ആരോപണം.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെ തിരെ ഇടതുമുന്നണി അംഗങ്ങൾ ഉന്നയിച്ച അഴിമതിയെ പിന്തുണച്ച് കോൺഗ്രസും ബി ജെ പിയും രംഗത്ത് വന്നതോടെ തിങ്കളാഴ്ച ചേർന്ന പഞ്ചായത്ത് കമ്മിറ്റി യോഗം സംഘർഷഭരിതമായി.
പഞ്ചായത്ത് പ്രസിഡന്റ് സജില നടത്തിയസ്വയം തൊഴിൽ സബ്സിഡി അഴിമതി, തെരുവ് വിളക്ക് അഴിമതി എന്നിവയിൽ ലക്ഷങ്ങൾ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നേരിടുന്നുണ്ട്. ക്രഷർ യൂണിറ്റുകൾ, ടുറിസം സ്ഥാപങ്ങൾ, ചെറുകിട വ്യവസായ സ്ഥാപങ്ങൾ എന്നിവയിൽ നിന്നും ലക്ഷങ്ങൾ ലൈസൻസ് തടഞ്ഞു വച്ച് ഭീഷണി പെടുത്തി വാങ്ങിയെന്നുമാണ് പഞ്ചായത്ത് കമ്മിറ്റിയിലെ പൊതു ആരോപണം.
സി പി എം മുൻ ലോക്കൽ സെക്രട്ടറി ഉല്ലാസ്കൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ഗൂഢാലോചന നടത്തി പഞ്ചായത്ത് ഭരണം അട്ടിമറിച്ചവരുടെനിയത്രണത്തിലാണ് പഞ്ചായത്ത്പ്രസിഡന്റെന്ന് കോൺഗ്രസ് അംഗങ്ങൾ ആരോപിച്ചു. സംസ്ഥാനത്തു പദ്ധതി നിർവഹണത്തിൽ ഒന്നാം സ്ഥാനത്തു ഉണ്ടായിരുന്ന പഞ്ചായത്ത് ഇന്ന് വളരെ പിന്നിലാണ്. അഴിമതികൊണ്ട് ജനം പൊറുതി മുട്ടി.
ചിറക്കര പഞ്ചായത്തിൽ ഭരണപക്ഷമായിരുന്ന സി പി എമ്മിന് അഞ്ച് അംഗങ്ങളാണുണ്ടായിരുന്നത്. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സജിലയും സുചിത്രയും കൂറുമാറി യു ഡി എഫിൽ ചേരുകയും സജില യു ഡി എഫ് പിന്തുണയോടെ പ്രസിഡന്റാ വുകയുമായിരുന്നു.
ഇതിനെതിരെ സി പിഎംകൂറുമാറ്റനിരോധനനിയമപ്രകാരം നല്കിയ കേസിൽ വാദം പൂർത്തിയായി കഴിഞ്ഞു. അടുത്ത 17ന് വിധി വരുമെന്നും സജിലഅയോഗ്യയാക്കപ്പെടുമെന്നുമാണ് സി പി എമ്മിന്റെ പ്രതീക്ഷ. അതിനിടയിലാണ് നാടകീയ സംഭവങ്ങൾ.
അഴിമതി ആരോപണം ഉന്നയിച്ച സി പി എം ഒരു ഘട്ടത്തിൽ കമ്മിറ്റിയിൽ നിന്നും ഇറങ്ങിപ്പോയി. അതോടെ കോൺഗ്രസ് അംഗങ്ങൾ പഞ്ചായത്ത് പ്രസിഡന്റിനെതിരെ തിരിഞ്ഞു. അഴിമതി സഹിക്കാവുന്നതിനപ്പുറമാണെന്നും പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കണമെന്നും കോൺഗ്രസ് ,ബി ജെ പി അംഗങ്ങൾ ആവശ്യപ്പെട്ടു. ഇതോടെ വെല്ലുവിളികളായി. പഞ്ചായത്ത് ഭരണ സമിതിയോഗം അലങ്കോലപ്പെടുകയും ചെയ്തു.