അച്ചൻകോവിൽ രഥോത്സവം ഭക്തിസാന്ദ്രമായി
1489997
Wednesday, December 25, 2024 6:19 AM IST
പുനലൂർ: ചരിത്രപ്രസിദ്ധമായ അച്ചൻകോവിൽ രഥോത്സവത്തിൽ രഥചക്രമുരുണ്ടത് പടിഞ്ഞാറോട്ട് തന്നെയാണ്. അച്ചൻകോവിൽ ധർമശാസ്താ ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി വർഷം തോറും ഒന്പതാംനാൾ അരങ്ങേറുന്ന തേരു വലി( രഥം വലി) ദർശിക്കാൻ നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് ആയിരങ്ങളാണ് ഇന്നലെ ഈ കാനനക്ഷേത്ര സങ്കേതത്തിൽ എത്തിച്ചേർന്നത്.
ക്ഷേത്രത്തിന് മുന്നിൽ പതിനെട്ടാം പടിക്ക് താഴെ അലങ്കരിച്ച രഥത്തിൽ ഉച്ചയ്ക്ക് 12.40 ഓടെ ക്ഷേത്ര മേൽശാന്തിമാരായ രാജേഷ് എമ്പ്രാന്തിരിയും, അനീഷ് പോറ്റിയും ചേർന്ന് അയ്യപ്പവിഗ്രഹം രഥത്തിൽ സ്ഥാപിച്ച് ആരതി ഉഴിഞ്ഞതോടെ ശരണം വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ രഥത്തിന്റെ ഒരു ഭാഗത്ത് സൗരാഷ്ട്ര ബ്രാഹ്മണരും, മറുഭാഗത്ത് തദ്ദേശിയരായ അയ്യപ്പഭക്തരും പിടിമുറുക്കി.
പിന്നീട് നടന്ന രഥം വലിയിൽ മലയാളി അയ്യപ്പഭക്തർ രഥം പടിഞ്ഞാറോട്ട് ചലിപ്പിച്ച് ധർമശാസ്താവിനെ സ്വന്തമാക്കി. അച്ചൻകോവിൽ രഥോത്സവത്തിൽ ഐതീഹ്യപരമായി സൗരാഷ്ട്ര ബ്രാഹ്മണർ രഥം കിഴക്കോട്ട് ഉരുട്ടികൊണ്ടു പോയാൽ ധർമശാസ്താവ് തമിഴകത്തിന് സ്വന്തമെന്നും മറിച്ച് പടിഞ്ഞാറോട്ട് ഉരുട്ടികൊണ്ടു പോയാൽ മലയാളക്കരയ്ക്ക് സ്വന്തമെന്നുമാണ് വിശ്വാസം.