കെട്ടിട വാടക ജിഎസ്ടി ഒഴിവാക്കിയത് സ്വാഗതാർഹം: എൻ.കെ. പ്രേമചന്ദ്രൻ
1489664
Tuesday, December 24, 2024 6:04 AM IST
കൊല്ലം: വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന കെട്ടിടങ്ങളുടെ വാടകയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ 18ശതമാനം നികുതി ബാധ്യതയില്‍ നിന്ന് ഒന്നര കോടിക്ക് താഴെ വാര്‍ഷിക വിറ്റുവരവുള്ള ചെറുകിട വ്യാപാരികളെ ഒഴിവാക്കുന്ന ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനത്തെ എന്‍.കെ. പ്രേമചന്ദ്രന് എംപി സ്വാഗതം ചെയ്തു.
ചെറുകിട കച്ചവടക്കാരുടെ ഉപജീവനത്തെ ദോഷകരമായി ബാധിക്കുന്ന നികുതി പിന്‍വലിക്കണമെന്ന നിരന്തരമായ ആവശ്യമാണ് ജിഎസ്ടി കൗണ്‍സില്‍ അംഗീകരിച്ചത്. ധനകാര്യ പാര്‍ലമെന്ററി കമ്മിറ്റി അംഗമെന്ന നിലയില്‍ വിശദീകരിക്കുകയും ജിഎസ്ടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കേന്ദ്ര ധനകാര്യ സെക്രട്ടറിയും ധനകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തില്‍ ചെറുകിട കച്ചവടക്കാരുടെ കെട്ടിടങ്ങള്‍ക്ക് ജിഎസ്ടി നിശ്ചയിച്ചതിന്റെ അപാകത ബോധ്യപ്പെടുത്തി. കേന്ദ്ര ധന മന്ത്രി നിര്‍മലാ സീതാരാമനെ നേരില്‍ കണ്ട് നിവേദനം സമര്‍പ്പിക്കുകയും ചെറുകിട കച്ചവടക്കാരുടെ വിഷമതകള്‍ ബോധ്യപ്പെടുത്തുകയും ചെയ്തു.
ഉപജീവനത്തിനായി വാടക കെട്ടിടങ്ങളില്‍ കച്ചവടം നടത്തുന്ന രാജ്യത്തെ ലക്ഷകണക്കിന് വരുന്ന ചെറുകിട കച്ചവടക്കാരുടെ ഗുണകരമായ തരത്തില്‍ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗമെന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിലും ജിഎസ്ടി പിന്‍വലിക്കാന്‍ കൗണ്‍സില്‍ തയാറായതും സന്തോഷകരമാണെന്നും എന്‍.കെ. പ്രേമചന്ദ്രന് എംപി പറഞ്ഞു.