മുന്നാക്ക സ്കോളർഷിപ്പ് തുക വെട്ടിക്കുറച്ചതിൽ പ്രതിഷേധം
1489505
Monday, December 23, 2024 6:29 AM IST
കൊല്ലം: മുന്നാക്ക വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കു നൽകുന്ന സ്കോളർഷിപ്പ് തുക 12 കോടിയിൽ നിന്നും ആറ് കോടിയായി വെട്ടിക്കുറച്ച നടപടിയിൽ മന്നം സാംസ്ക്കാരിക വേദി സംസ്ഥാന നിർവാഹക സമിതി പ്രതിഷേധിച്ചു.
മുന്നാക്ക സമുദായ കോർപ്പറേഷൻ നടപ്പാക്കുന്ന വിദ്യാ സമുന്നതി മെരിറ്റ് സ്കോളർഷിപ്പിനായി ഭരണാനുമതി ലഭിച്ച 12 കോടിയാണ് പകുതിയായി കുറച്ചത്. ഇതുമൂലം ഹൈസ്കൂൾ, ഹയർ സെക്കൻഡ റി സ്കൂൾ, ഡിപ്ലോമാ കോഴ്സുകൾ, ബിരുദം, ബിരുദാനന്തരബിരുദം, ഗവേഷണം എന്നിവയ്ക്കായുള്ള സ്കോളർഷിപ്പ് തുക ഇനി പകുതി പേർക്കു പോലും തികയില്ല.
കേരള ജനസംഖ്യയിൽ 26 ശതമാനത്തിലധികം വരുന്ന മുന്നാക്ക വിഭാഗത്തിലെ പിന്നാക്കം നിൽക്കുന്നവരുടെ മക്കളുടെ ഉന്നമനത്തിനായി 2012 മുതൽ സംസ്ഥാന സർക്കാർ നടപ്പാക്കി വരുന്ന ഈ പദ്ധതി ഇല്ലാതാക്കാൻ ശ്രമിക്കുന്നതിനെതിരെ സമാന സംഘടനകളുമായി ചേർന്നു സമരത്തിനിറങ്ങാൻ യോഗം തീരുമാനിച്ചു.
പ്രസിഡന്റ് അയർക്കുന്നം രാമൻനായർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ചവറ സുരേന്ദ്രൻപിള്ള, ട്രഷറർ പരവൂർ വി.ജെ. ഉണ്ണികൃഷ്ണൻ നായർ, വൈസ് പ്രസിഡന്റ് അറുമാനൂർ ഉണ്ണികൃഷ്ണൻ, ജോയിന്റ് സെക്രട്ടറി എസ്.ജി. ശിവകുമാർ പത്തനാപുരം, രാധിക ആർ. നായർ, ജി. പ്രസന്നകുമാരി എന്നിവർ പ്രസംഗിച്ചു.