ദേശീയ ഉപഭോക്തൃ അവകാശ ദിനം സംഘടിപ്പിച്ചു
1489994
Wednesday, December 25, 2024 6:19 AM IST
കൊല്ലം: ദേശീയ ഉപഭോക്തൃ ദിനത്തോടനുബന്ധിച്ച് ഉപഭോക്തൃ അവകാശ ജാലകം എന്ന പേരില്‍ സംഘടിപ്പിച്ച ദേശീയ ഉപഭോക്ത്യ അവകാശ ദിനം ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് നിര്‍വഹിച്ചു. നിര്‍മിതബുദ്ധിയുടെ കാലഘട്ടത്തില്‍ ഉപഭോക്താക്കളെ ചതിക്കുഴികളില്‍ നിന്നും സംരക്ഷിക്കുന്ന സംവിധാനങ്ങള്‍ ഒരുക്കേണ്ടത് അനിവാര്യമാണെന്ന് കളക്ടര്‍ പറഞ്ഞു.
ഗുണഭോക്താകള്‍ക്കും ഉത്പ്പന്നങ്ങള്‍ക്കും ലഭിക്കുന്ന നിയമപരമായ സുരക്ഷിതത്വത്തെ കുറിച്ച് കൃത്യമായ ബോധവത്കരണം ഉണ്ടാകണം. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്കി അനുചിത വ്യാപാര നടപടികളില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും, അവരുടെ പ്രശ്ന പരിഹാരത്തിനായും നിലവില്‍ വന്ന ഉപഭോക്തൃ സംരക്ഷണ നിയമം സംബന്ധിച്ച് പൊതുജനങ്ങളില്‍ കൂടുതല്‍ അവബോധം നടത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
തുടര്‍ന്ന് കൊല്ലം ഉപഭോക്ത്യ തര്‍ക്ക പരിഹാര കമ്മീഷനില്‍ നിന്നും അനുകൂല വിധി ലഭിച്ച ഉപഭോക്താക്കളായ രഘുനാഥപിള്ള, സുപ്രഭ, അജിത്ത്കുമാര്‍ പ്രശംസാപത്രം നല്കി ആദരിച്ചു.
ഉപഭോക്താക്കള്‍ക്ക് വേണ്ടി ഉത്തരവാദിത്വമുള്ളതും നീതിപൂര്‍വകവുമായ നിര്‍മിത ബുദ്ധി' എന്നാണ് ഈ വര്‍ഷത്തെ ആപ്തവാക്യം. ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് പ്രസിഡന്റ്എസ്.കെ ശ്രീല അധ്യക്ഷയായി. കൊല്ലം ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. ഓച്ചിറ എന്‍ .അനില്‍കുമാര്‍ ഉപഭോക്തൃദിന സന്ദേശം നല്കി.
മുന്‍ പ്രസിഡന്റ് അഡ്വ. ബോറിസ് പോള്‍, ജില്ലാ സപ്ലൈ ഓഫീസര്‍ എസ്.ഒ .ബിന്ദു, അഡ്വ. സ്റ്റാന്‍ലി ഹാരോള്‍ഡ്, അസിസ്റ്റന്റ് രജിസ്ട്രാര്‍ എസ്.സജിന തുടങ്ങിയവര്‍ പ്രസംഗിച്ചു.
നിര്‍മിത ബുദ്ധി നയിക്കുന്ന പ്ലാറ്റ്ഫോമുകളിലെ തെറ്റായ വിവരങ്ങള്‍, സ്വകാര്യതാലംഘനങ്ങള്‍, വിവേചനപരമായ രീതികള്‍, തെറ്റായ വിവരങ്ങളുടെ പ്രചാരണം, തുടങ്ങിയ വിഷയങ്ങളില്‍ നടന്ന ചര്‍ച്ചയില്‍ നിയമവിദഗ്ധന് അഡ്വ. സുധീര്‍ ബോസ്, കണ്സ്യൂമര്സ് ഫെഡറേഷന് ഓഫ് കേരള പ്രതിനിധി അഡ്വ. ജി .വിജയകുമാര്‍, കേരള ജനകീയ ഉപഭോക്തൃ സമിതി പ്രതിനിധി കെ .ചന്ദ്രബോസ്, കേരള സ്റ്റേറ്റ് കണ്‍സ്യൂമര്‍ കൗണ്‍സില്‍ പ്രതിനിധി ജെ .എം .അസ്ലം തുടങ്ങിയവര്‍ പങ്കെടുത്തു.