കാട്ടുപോത്തിന്റെ ആക്രമണത്തിൽ കാറിന്റെ മുൻവശം തകർന്നു
1489989
Wednesday, December 25, 2024 6:19 AM IST
തെന്മല : കുളത്തുപ്പുഴയില്‍ കാട്ടുപോത്ത് കാറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ കാറിന്റെ മുന്‍ ഭാഗം തകര്‍ന്നു. തിരുവനന്തപുരം ചെങ്കോട്ട അന്തര്‍സംസ്ഥാന പാതയില്‍ കൂവക്കാട് ഭാഗത്ത് വച്ചാണ് ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവമുണ്ടായത്. മധുര സ്വദേശി ജയപാലനും കുടുംബവും സഞ്ചരിച്ചിരുന്ന കാറിന് മുകളിലേക്കു കൂറ്റന്‍ കാട്ടുപോത്ത് എടുത്ത് ചാടുകയായിരുന്നു.
ആദ്യം കാര്യം മനസിലാകാത്ത ജയപാലന് കാര്‍ നിര്‍ത്തി ഇറങ്ങിയപ്പോഴാണ് കാട്ടുപോത്തിനെ കാണുന്നത്. ഉടന്‍ കാറില്‍ കയറുകയായിരുന്നു. ആര്‍ക്കും പരിക്കുകളില്ല. കാറില്‍ ഉണ്ടായിരുന്നവര്‍ വലിയ രീതിയില്‍ ഭയന്നതായി ജയപാലന് പറഞ്ഞു.
ആര് പി എല്‍ എസ്റ്റേറ്റ് ഭാഗത്ത് വച്ചാണ് കാട്ടുപോത്ത് കാറില്‍ ഇടിക്കുന്നത്. ജനവാസ മേഖലയില്‍ നിരന്തരം കാട്ടുപോത്ത് ഇറങ്ങുന്നത് തൊഴിലാളികളും പ്രദേശവാസികളും വലിയ ആശങ്കയിലാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഫുട്ബാള്‍ കളിക്കുകയായിരുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ കാട്ടുപോത്ത് ആക്രമണം ഉണ്ടായത്.
ഇതില്‍ ഒരാള്‍ക്ക് നട്ടെല്ലിന് ഉള്‍പ്പടെ ഗുരുതരമായി പരിക്കേറ്റിരുന്നു. വനം വകുപ്പ് അടിയന്തിരമായി ഇടപെടണമെന്ന ആവശ്യമാണ് ഉയരുന്നത്.