കുളത്തൂപ്പുഴ പഞ്ചായത്തിലെ അഴിമതി ആരോപണം: ഓഡിറ്റ് റിപ്പോർട്ടുമായി ഭരണപക്ഷം; പ്രതിപക്ഷത്തിനെതിരേ ആരോപണം
1489660
Tuesday, December 24, 2024 6:04 AM IST
കുളത്തൂപ്പുഴ: തെരുവ് വിളക്ക് പരിപാലന പദ്ധതിയിൽ കൃത്യമായ കണക്കുകൾ പഞ്ചായത്തിൽ ഉള്ളതായി കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് പി. ലൈലാ ബീവി പത്രസമ്മേളനത്തിൽ അറിയിച്ചു.
പഞ്ചായത്തിൽ ക്രമക്കേടും സാമ്പത്തിക അഴിമതിയും നടക്കുന്നതായി പ്രതിപക്ഷമായ കോൺഗ്രസിന്റെ ആരോപണങ്ങൾക്ക് ഓഡിറ്റ് റിപ്പോർട്ടും കണക്കുമായാണ് പത്രസമ്മേളനം നടത്തിയത്. മാത്രമല്ല കോൺഗ്രസിൽ നിന്നുള്ള പഞ്ചായത്ത് അംഗങ്ങൾക്കെതിരെ നിരവധി ആരോപണങ്ങൾ ഭരണസമിതി ഉന്നയിക്കുകയും ചെയ്തു.
തെരുവിളക്ക് പരിപാലന പദ്ധതിയിൽ മാർച്ച് വരെയുള്ള കണക്കുകളിൽ ഓഡിറ്റിംഗ് പൂർത്തിയായതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പരാതികളുടെ അടിസ്ഥാനത്തിൽ വിജിലൻസ് പരിശോധന നടത്തി ന്യൂനതകൾ ഇല്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.
വാർഡിലേക്ക് നൽകാനായി പഞ്ചായത്ത് വാങ്ങി നൽകിയ ടെലിവിഷൻ കോൺഗ്രസ് അംഗം വീട്ടിലേക്ക് കൊണ്ടുപോയതായി ഭരണപക്ഷ അംഗങ്ങൾ ആരോപണം ഉന്നയിച്ചു.
വൈസ് പ്രസിഡന്റ് ടി. തുഷാര, സമിതി അധ്യക്ഷരായ ചന്ദ്രകുമാർ, ഷീജ റാബി, അംഗങ്ങളായ അജിത, ഷെറീന ഷാനു, നദീറ സൈഫുദീൻ, ശോഭന, പി. അനിൽകുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
തെരുവ് വിളക്ക് പരിപാലന പദ്ധതിയായ തൂവളിച്ചം, ഭരണഘടനാ സാക്ഷരതാ പ്രഖ്യാപന ചടങ്ങ്, കുടുംബശ്രീ വായ്പ തുടങ്ങിയ വിഷയങ്ങളിൽ സാമ്പത്തിക ക്രമക്കേടിന് എൽഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതി കൂട്ടുനിൽക്കുന്നതായി ആരോപണമുന്നയിച്ച് കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ അംഗങ്ങൾ സമരവുമായി രംഗത്ത് വരികയുണ്ടായി. ഇതേ തുടർന്നാണ് ഭരണപക്ഷം തെളിവുകളുമായി പത്രസമ്മേളനം നടത്തുകയും പ്രതിപക്ഷം അഴിമതി നടത്തിയതായി ആരോപണം ഉന്നയിക്കുകയും ചെയ്തത്.