സപ്ലൈകോയുടെ ക്രിസ്മസ്- ന്യൂ ഇയര്‍ ഫെയറിന് തുടക്കമായി
1489499
Monday, December 23, 2024 6:29 AM IST
കൊല്ലം: സപ്ലൈകോയുടെ ക്രിസ്മസ്- ന്യൂ ഇയര്‍ ഫെയര്‍ 2024 ആശ്രാമം മൈതാനത്ത് തുടക്കമായി. മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.
ഉത്സവകാലങ്ങളിൽ വിപണിയിലെ വിലക്കയറ്റത്തെ പിടിച്ചുനിർത്തി സാധാരണക്കാർക്ക് ആശ്വാസം പകരുകയാണ് ഇത്തരം ഫെയറുകളിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
ക്രിസ്മസ് പ്രമാണിച്ച് നിലവിലുള്ള സബ്സിഡി ഉത്പന്നങ്ങൾക്ക് പുറമേ ഇതര സാധനങ്ങൾക്കും ഓഫറുകളും വിലക്കുറവും ലഭിക്കും.
30 വരെ ഫെയർ നടക്കും. ഉച്ചയ്ക്ക് 2.30 മുതൽ വൈകുന്നേരം നാല് വരെ ഫ്ലാഷ് സെയിലും ഉണ്ടാകും. സബ്സിഡി ഇതര ഉത്പന്നങ്ങൾക്ക് നിലവിൽ നൽകുന്ന വിലക്കുറവിനു പുറമേ അധിക വിലക്കുറവ് ഈ സമയത്ത് ലഭിക്കും.
എം. നൗഷാദ് എംഎല്‍എ അധ്യക്ഷനായി. എന്‍.കെ .പ്രേമചന്ദ്രന് എം.പി മുഖ്യാതിഥിയായി. ഡിവിഷൻ കൗൺസിലർ ഹണി ബെഞ്ചമിൻ,
സപ്ലൈകോ തിരുവനന്തപുരം മേഖല മാനേജർ എ. സജാദ്, ജില്ലാ സപ്ലൈ ഓഫീസർ എസ്.ഒ. ബിന്ദു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവര്‍ പങ്കെടുത്തു.