മൊസാമ്പിക് രാജ്യത്ത് നിന്ന് 3000 മെട്രിക് ടൺ തോട്ടണ്ടി വാങ്ങാൻ കരാറായി
1489496
Monday, December 23, 2024 6:20 AM IST
കൊല്ലം: കാഷ്യൂ കോർപ്പറേഷൻ, കാപ്പെക്സ് ഫാക്ടറികൾക്കായി കാഷ്യൂ ബോർഡ് 3000 മെട്രിക് ടൺ തോട്ടണ്ടി വാങ്ങാൻ തീരുമാനമായി.
മൊസാമ്പിക് രാജ്യത്ത് നിന്നാണ് തോട്ടണ്ടി വാങ്ങാൻ ഇ ടെൻഡറിലൂടെ കരാർ ഉറപ്പിച്ചത്. ജനുവരി 15 നും 20 നുമിടയിൽ കാഷ്യൂ കോർപ്പ റേഷന്റെയും കാപെക്സിന്റേയും ഫാക്ടറികളിൽ തോട്ടണ്ടി എത്തിച്ചേരും.
കാഷ്യൂ കോർപ്പറേഷൻ ഫാക്ടറികൾ നിലവിൽ പ്രവർത്തിച്ചുവരികയാണ്. ഷെല്ലിംഗ് ജോലി ജനുവരി അഞ്ച് വരെയും പീലിംഗ്, ഗ്രേഡിംഗ് ജോലികൾ ജനുവരി 15 വരെയും തുടരും. മൂന്ന് മാസം മുടക്കമില്ലാതെ പ്രവർത്തിക്കാൻ ആവശ്യമായ തോട്ടണ്ടിയാണ് ജനുവരി 20 തോടെ ഫാക്ടറികളിൽ എത്തിച്ചേരുന്നത്.
കാഷ്യൂ കോർപ്പറേഷനിൽ നിന്ന് 185 തൊഴിലാളികൾ വിരമിക്കുന്ന ഡിസംബർ 31 ന് തൊഴിലാളികളുടെ യാത്രയയപ്പ് നൽകുന്ന വിധത്തിലാണ് ഫാക്ടറികൾ പ്രവർത്തിക്കുന്നത്.
പ്രതിസന്ധികൾക്കു നടുവിലും പൊതുമേഖലാ സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കണമെന്ന സർക്കാർ നിലപാടിന്റെ ഭാഗമായാണ് കശുവണ്ടി വാങ്ങാനും ഫാക്ടറികൾ പ്രവർത്തിക്കാനും തീരുമാനിച്ചത്.
തുടർന്നും തൊഴിലാളികൾക്ക് തൊഴിൽ നൽകി ഫാക്ടറികൾ സജീവമായി പ്രവർത്തിപ്പിക്കാൻ കഴിയുമെന്ന് കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹനും, കാപ്പക്സ് ചെയർമാൻ എം. ശിവശങ്കരപ്പിള്ളയും അറിയിച്ചു.