എൻഎസ്എസ് സപ്തദിന ക്യാന്പ് തുടങ്ങി : കുട്ടികളിലെ പരസ്പര സഹകരണം വളർത്തുക ലക്ഷ്യം
1489489
Monday, December 23, 2024 6:20 AM IST
അഞ്ചല്‍: അഞ്ചൽ ഈസ്റ്റ് സര്‍ക്കാര്‍ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ് സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി. അഗസ്ത്യക്കോട് ന്യൂ എൽപി സ്കൂളിലെ സഹവാസ ക്യാമ്പ് പഞ്ചായത്ത് അംഗം ശ്രീജ ഉദ്ഘാടനം ചെയ്തു. സുസ്ഥിര വികസനത്തിനായി യുവത എന്ന മുദ്രാവാക്യവുമായി കുട്ടികളിലെ പരസ്പര സഹായവും സഹകരണവും ഉറപ്പാക്കുകയാണ് സഹവാസ ക്യാമ്പിന്റെ ലക്ഷ്യം.
കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉല്ലാസവും വ്യക്തിത്വ വികസനവും സാമൂഹിക സേവന താല്പര്യവും വളർത്തുകയാണ് ക്യാന്പിന്റെ ലക്ഷ്യം.
ഏഴ് ദിവസം നീളുന്ന ക്യാമ്പ് 26 ന് അവസാനിക്കും. വിവിധ സർക്കാർ വകുപ്പുകളെ കോർത്തിണക്കിയാണ് ക്യാമ്പ് നടത്തുന്നത്. പ്രോഗ്രാം ഓഫീസർ എം.എസ്. അനീഷ, പ്രിൻസിപ്പല്‍ പി. മിനി, കെ.ജി. ബിജിലാൽ, എന്‍എസ്എസ് വോളന്റിയർ ലീഡർമാരായ ശ്രീനന്ദന, മുഹമ്മദ് അഫ്സൽ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകും.
കുളത്തൂപ്പുഴ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ
കുളത്തൂപ്പുഴ: ചോഴിയക്കോട് അരിപ്പ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ സപ്ത ദിനക്യാമ്പ് -മഴവില്ല് മടത്തറക്കാണി ഗവ. ഹൈസ്കൂളിൽ തുടക്കമായി.
പതാക ഉയർത്തലും തുടർന്ന് വിളംബര ജാഥയും നടന്നു. പെരിങ്ങമല പഞ്ചായത്ത് പ്രസിഡന്റ് ഷിനു മടത്തറ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡന്റ് ആർ. പ്രീതാകുമാരി അധ്യക്ഷത വഹിച്ചു.
മോഡൽ റസിഡൻഷ്യൽ സ്കൂൾ ഹെഡ്മിസ്ട്രസ് സി. ഗിരിജ , പ്രോഗ്രാം ഓഫീസർ എസ്. ഉണ്ണികൃഷ്ണൻ നായർ എന്നിവർ ക്യാമ്പിനെ കുറിച്ചുള്ള വിശദീകരണം നൽകി.
തുടർന്ന് മൈലമൂട് വാർഡ് മെമ്പർ പി. ഉദയകുമാർ , ജി എംആർഎസ് സീനിയർ സൂപ്രണ്ട് വി. സുരേഷ് കുമാർ, മടത്തറക്കാണി ഗവ. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ടി.എസ്. ബിന്ദു, ഹയർസക്കൻഡറി അധ്യാപിക വി.ബി. നിത്യ, വിദ്യാർഥി പ്രതിനിധി അക്ഷയ്, അസിസ്റ്റന്റ് പ്രോഗ്രാം കോ- ഓർഡിനേറ്റർ വരുൺ എന്നിവർ പ്രസംഗിച്ചു.
എന്‍സിസി ട്രക്കിംഗ് ക്യാമ്പ്
മടത്തറ: ഒൻപത് കേരള ബറ്റാലിയൻ എന്‍സിസി കൊട്ടാരക്കര യൂണിറ്റിന്റെ നേതൃത്വത്തില്‍ ദേശീയ ട്രക്കിംഗ് ക്യാമ്പിന് നാളെ തുടക്കമാകും.
അരിപ്പ വനമേഖലയിൽ നടക്കുന്ന ക്യാമ്പില്‍ കേരള, ലക്ഷദ്വീപ് ഡയറക്ട്രേറ്റിന് പുറമേ ഒടീസ, മഹാരാഷ്ട്ര, ആന്ധ്ര, തെലങ്കാന, തമിഴ്നാട്, പോണ്ടിച്ചേരി ഡയറക്ടറേറ്റിലെ 510 കേഡറ്റുകളും 15 അസോസിയേറ്റ് എൻസിസി ഓഫീസർന്മാരും അൻപതോളം അനുബന്ധ ഉദ്യോഗസ്ഥരും പങ്കെടുക്കും.
നാല് വിവിധ വനപാതകളിലൂടെയുള്ള ട്രക്കിംഗ്, തെന്മല ഡാം സന്ദർശനം എന്നിവ ക്യാമ്പിന്റെ ഭാഗമായി നടക്കും. പ്രകൃതിയെ സംരക്ഷിക്കുക, വനങ്ങളേയും വന്യമൃഗങ്ങളേയും സംരക്ഷിക്കുക, പ്രകൃതിയുടെ സംതുലിതാവസ്ഥ നിലനിർത്തുക, സ്മാരകങ്ങൾ നിലനിർത്തുക, എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് കേഡറ്റുകളെ ബോധവത്കരിക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. ദേശീയ ട്രെക്കിംഗ് ക്യാമ്പ് കൊല്ലം എന്‍സിസി ഗ്രൂപ്പ് ഹെഡ് ക്വാർട്ടർ ഗ്രൂപ്പ് കമാണ്ടർ ബ്രിഗേഡിയർ ജി. സുരേഷ് നാളെ ഫ്ലാഗ് ഓഫ് ചെയ്യും.
ക്യാമ്പ് കമാൻഡന്റ് കേണൽ ജിനു തങ്കപ്പൻ, ഡെപ്യൂട്ടി ക്യാമ്പ് കമാൻഡന്റ് കെ.എസ്. വിനോദ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ അരിപ്പ. ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിലാണ് ട്രക്കിംഗ് സംഘം ബേസ് ക്യാമ്പ് ഒരുക്കുന്നത്. 28 നു ക്യാമ്പ് സമാപിക്കും.
ചാത്തന്നൂരിൽ
കല്ലുവാതുക്കൽ: ചാത്തന്നൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ വൊക്കേഷണൽ വിഭാഗം എൻഎസ്എസ് യൂണിറ്റിന്റെ സപ്ത ദിന സഹവാസ ക്യാമ്പ് കല്ലുവാതുക്കൽ ഗവ. ഹൈസ്കൂളിൽ ആരംഭിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം എ. ആശാദേവി ഉദ്ഘാടനം ചെയ്തു. ചാത്തന്നൂർ ജിവിഎച്ച്എസ്എസ്പിടിഎ വൈസ് പ്രസിഡന്റ് എസ്. സേതുലാൽ അധ്യക്ഷനായിരുന്നു. കല്ലുവാതുക്കൽ പഞ്ചായത്ത് അംഗം ഡി.എൽ. അജയകുമാർ, സുവർണൻ പരവൂർ,
ഹയർ സെക്കന്ററി പ്രിൻസിപ്പൽ ഡി. പ്രമോദ് കുമാർ, കല്ലുവാതുക്കൽ ഗവ. ഹൈസ്കൂൾ പി ടിഎ പ്രസിഡന്റ് റീന, ചാത്തന്നൂർ ജിവിഎച്ച്എസ്എസ് പ്രഥമ അധ്യാപിക സി.എസ്. സബീല ബീവി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ലിൻസി. എൽ. സ്കറിയ എന്നിവർ പ്രസംഗിച്ചു.