മകനൊപ്പം കുടിവെള്ളം ശേഖരിക്കാൻപോയ വീട്ടമ്മ വള്ളം മറിഞ്ഞു മരിച്ചു
1489292
Sunday, December 22, 2024 11:02 PM IST
കൊല്ലം: മകനോടൊപ്പം കുടിവെള്ളം ശേഖരിച്ച് മടങ്ങവെ വള്ളം മറിഞ്ഞു വീട്ടമ്മ മരിച്ചു. കാവനാട് പുത്തന്‍തുരുത്തില്‍ നിലേശ്വരംതോട് മണക്കാട് പുതുവല്‍ സെബാസ്റ്റ്യന്റെഭാര്യ സന്ധ്യ (41) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴരയോടെ അഷ്ടമുടി കായലില്‍ മുക്കാട് പാലമൂട്ടില്‍ കടവിനു സമീപത്തായിരുന്നു അപകടം.
ശാസ്താംകോട്ടയില്‍നിന്നു കൊല്ലത്തേക്കു കുടിവെള്ളമെത്തിക്കുന്ന പൈപ്പ്ലൈന് തകര്‍ന്നതിനെത്തുടര്‍ന്ന് എട്ടുദിവസത്തോളമായി തുരുത്തില് കുടിവെള്ളം ലഭിച്ചിരുന്നില്ല. മറുകരയില്‍നിന്നു ശേഖരിച്ചാണ് തുരുത്ത് നിവാസികള്‍ കുടിവെള്ളം ഉപയോഗിച്ചിരുന്നത്.
സന്ധ്യയും മകന് എബിയും ഇന്നലെ രാവിലെ ചെറുവള്ളത്തില്‍ പാലമൂട്ടില്‍ കടവിലെത്തി വെള്ളം ശേഖരിച്ചശേഷം തുരുത്തിലേക്ക് മടങ്ങവെ ബോട്ടു ചാലിനു സമീപം വള്ളം മറിയുകയായിരുന്നു. വേലിയിറക്കവും ബോട്ടു ചാലില്‍ നിന്നുള്ള ഓളവുമാണ് വള്ളം മറിയാന്‍ കാരണമെന്നാണ് ലഭിക്കുന്ന വിവരം. സന്ധ്യവള്ളത്തിനടിയില് അകപ്പെട്ടു. അപകടം കണ്ടയുടന്‍ സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെത്തി ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും സന്ധ്യയുടെ ജീവന് രക്ഷിക്കാനായില്ല. സന്ധ്യയുടെ സംസ്കാരം ഇന്നു രാവിലെ 11ന് മുക്കാട് തിരുകുടുംബം പള്ളിയില്‍ നടക്കും.
.