തകർന്ന റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു
1487266
Sunday, December 15, 2024 6:01 AM IST
ചാത്തന്നൂർ: ഏറെ നാളായി തകർന്നുകിടന്ന റോഡിൽ നാട്ടുകാർ വാഴ നട്ട് പ്രതിഷേധിച്ചു. ചിറക്കര പഞ്ചായത്തിലെ കണ്ണേറ്റ വാർഡിലെ അപ്പൂപ്പൻകാവ് - പേയത്ത് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാർ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചത്.
വർഷങ്ങളായി തകർന്ന് കിടക്കുന്ന റോഡിന്റെ ശോചനീയാവസ്ഥ ജനപ്രതിനിധികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാരം ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
കിഴക്കൻ മേഖലയിൽ നിന്ന് ചിറക്കര പഞ്ചായത്തിൽ എത്താൻ ജനങ്ങൾ ആശ്രയിക്കുന്ന പ്രധാന റോഡാണിത്. കണ്ണേറ്റ ക്ഷേത്രം, അപ്പൂപ്പൻ കാവ് ക്ഷേത്രം, കാരം കോട്, കല്ലുവാതുക്കൽ, എസ്എൻ കോളജ്, ശീമാട്ടി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്നവർക്ക് ഈ റോഡ് പ്രയോജനകരമാണ്.
ദിവസവും സ്കൂൾ ബസുകൾ അടക്കം നൂറ് കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന റോഡാണിത്. പൂർണമായും തകർന്ന റോഡിലൂടെ ഇപ്പോൾ കാൽനടയാത്ര പോലും ദുസഹമായിരിക്കുകയാണ്.
വാഹനങ്ങൾ കടന്ന് പോകുമ്പോൾ ഇളകിയ വലിയ മെറ്റലുകൾ സമീപത്തെ വീടുകളിൽ ചെന്ന് പതിക്കുന്നു. ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്ന നിരവധി യാത്രക്കാരാണ് ഇവിടെഅപകടത്തിൽപ്പെടുന്നത്. കാൽനടയാത്ര ദുഷ്ക്കരമായി. അപ്പൂപ്പൻ കാവ് - പേയത്ത് റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ച് ഗതാഗത യോഗ്യമാക്കിത്തീർക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.