ജഡായുപ്പാറയില്‍ മോക്ക് ഡ്രില്‍ നടത്തി
1487250
Sunday, December 15, 2024 5:48 AM IST
കൊല്ലം: ജഡായുപാറ വിനോദസഞ്ചാര കേന്ദ്രത്തില്‍ ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയുടെയും ദേശീയ ദുരന്തപ്രതികരണ സേനയുടെയും സംയുക്താഭിമുഖ്യത്തില്‍ മോക്ക് ഡ്രില്‍ നടത്തി.
കേബിള്‍ കാറില്‍ കുടുങ്ങിയവരെ രക്ഷിക്കുന്ന ദൗത്യം വിജയകരമായി നടത്തി. അപ്രതീക്ഷിതമായി വീശിയ ശക്തമായ കാറ്റില്‍ കേബിള്‍ കാറുകള്‍ കൂട്ടിമുട്ടുകയും റോപ്പ് വേയില്‍ രണ്ട് കേബിള്‍ കാറുകളിലായി മൂന്ന് പേര് കുടുങ്ങിക്കിടക്കുകയും ചെയ്യുന്നതായി ജഡായുപ്പാറ അധികൃതര്‍ ചടയമംഗലം പോലീസില്‍ വിവരം അറിയിച്ചതോടെയാണ് മോക്ഡ്രില്‍ ആരംഭിച്ചത്.
പോലീസ്, അഗ്നിരക്ഷാ കേബിള്‍ കാര്‍ വിഭാഗത്തിന്റേയും സുരക്ഷാ ടീമിന്റേയും നേതൃത്വത്തില്‍ ഒരാളെ സുരക്ഷിതമായി പുറത്തെത്തിച്ചു.
ടീം കമാന്‍ഡര്‍ കപിലിന്റെ നേതൃത്വത്തിലുള്ള വിദഗ്ധന്‍ അങ്കിത് റാഥി റോപ്പ് വേയിലൂടെ കേബിള്‍ കാറിനുള്ളിലെത്തി രണ്ടുപേരെ സുരക്ഷിതമായി താഴെയിറക്കി. തുടര്‍ന്ന് മെഡിക്കല്‍ സംഘത്തിന്റെ പരിശോധനക്കുശേഷം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മലയുടെ മുകളില്‍ ഒറ്റപ്പെട്ട രണ്ടുപേരെ റോഡ് മാര്‍ഗം താഴെ എത്തിച്ചതോടെ മോക്ക് ഡ്രില്‍ പൂര്‍ത്തിയായി.
ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് കണ്ട്രോള് റൂമില്‍ നിന്ന് മോക്ക് ഡ്രില്ലിന് നേതൃത്വം നല്കി. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ജി. നിര്‍മല്‍ കുമാറിന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്ന് വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. കൊച്ചി നേവല്‍ ബേസിലെ ലെഫ്റ്റനന്റ് ഡോ. എസ്. ആനന്ദ് മോക്ക് ഡ്രില്‍ നിരീക്ഷകനായി പങ്കെടുത്തു.
ആര്‍ഡിഒ ജി.സുരേഷ്ബാബു, കൊട്ടാരക്കര ഡിവൈഎസ്പി കെ. ബൈജുകുമാര്‍, കൊട്ടാരക്കര തഹസില്‍ദാര്‍ ജി. മോഹനകുമാരന്‍ നായര്‍, ഭൂരേഖ തഹസില്‍ദാര്‍ വിജയകുമാര്‍, ഡോ. ധനുജ, ചടയമംഗലം പോലീസ് ഇന്‍സ്പെക്ടര്‍ എന്‍. സുനീഷ്, ജി.എല്‍. റജി, അഗ്നിരക്ഷാ നിലയം സ്റ്റേഷന് ഓഫീസര്‍ എസ്.എസ്. ഹരിലാല്‍, കൊട്ടാരക്കര ബിഡിഒ എല്‍. വി. റാണി എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.