ജഡായു എര്‍ത്ത് സെന്റർ സന്ദർശിച്ച് മോഡല്‍ റസിഡന്‍ഷ്യല്‍ സ്പെഷല്‍ സ്കൂൾ വിദ്യാർഥികൾ
1486789
Friday, December 13, 2024 6:29 AM IST
കൊല്ലം: പത്തനാപുരം ഗാന്ധിഭവന് ഇന്റര്‍നാഷണല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്പെഷല്‍ സ്കൂളിന്റെ ആഭിമുഖ്യത്തില്‍ ജഡായു എര്‍ത്ത് സെന്ററിലേക്ക് യാത്ര നടത്തി. അമ്പതോളം കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ജീവനക്കാരും യാത്രയിൽ പങ്കെടുത്തു.
കവാടത്തിലെത്തിയ സംഘത്തെ ഓപ്പറേഷന് മാനേജര്‍ അനില്‍ കൃഷ്ണന്, മനു എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ജഡായു ശില്പത്തിനരികെ സംഘടിപ്പിച്ച സ്നേഹ സംഗമം ചലച്ചിത്രകാരനും ജഡായു എര്‍ത്ത് സെന്റര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ രാജീവ് അഞ്ചല്‍ ഉദ്ഘാടനം ചെയ്തു.
റോസാപുഷ്പങ്ങളും സ്നേഹസമ്മാനങ്ങളും നല്കി കുട്ടികള്‍ അദ്ദേഹത്തെ ആദരിച്ചു. കുഞ്ഞുങ്ങള്‍ക്കും കൂടെയെത്തിയവര്‍ക്കും സൗജന്യ സന്ദര്‍ശനമാണ് ഒരുക്കിയത്.
2003 മുതല്‍ പ്രവര്‍ത്തിക്കുന്ന ഗാന്ധിഭവന് സ്പെഷല്‍ സ്കൂളില്‍ ഓട്ടിസം, സെറിബ്രല്‍ പാള്‍സി തുടങ്ങി ഭിന്നശേഷിയുള്ള നൂറ്റിഅറുപതിലധികം കുട്ടികള്‍ പഠനപരിശീലനം നടത്തുന്നു.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വീടുകളിലെ കുട്ടികളാണ് ഏറെയും. ഇതില്‍ 32 പേര് ഗാന്ധിഭവനിലെ മക്കളാണ്. ഗാന്ധിഭവന് ചെയര്‍പേഴ്സണ്‍ ഡോ. ഷാഹിദാ കമാല്‍, വൈസ് ചെയര്മാന് പി.എസ്. അമല്‍രാജ്, ട്രസ്റ്റി പ്രസന്നാ രാജന് എന്നിവരുടെ നേതൃത്വത്തിലാണു കുട്ടികളുമായി യാത്ര നടത്തിയത്.