ആയൂർ ക്രിസ്തുരാജ ഫൊറോന പള്ളിയിൽ മാർ തോമസ് തറയിലിന് സ്വീകരണം ഇന്ന്
1487015
Saturday, December 14, 2024 6:14 AM IST
പുനലൂർ: ചങ്ങനാശേരി ആർച്ച് ബിഷപ് മാർ തോമസ് തറയിലിന് കൊല്ലം - ആയൂർ ഫൊറോന ഇന്ന് സ്വീകരണം നൽകും. രാവിലെ ഒമ്പതിന് ആയൂരിൽ എത്തുന്ന മാർ തോമസ് തറയിലിനെ ഫൊറോന കൗൺസിൽ സെക്രട്ടറി ജെനു അനന്തകാട് സ്വീകരിക്കും. തുടർന്ന് ഫൊറോനയിലെ 20 പള്ളികളിൽ നിന്നുള്ള വികാരിമാർ, വിശ്വാസി സമൂഹം എന്നിവർ സ്വീകരിച്ച് ആയൂർ ക്രിസ്തുരാജ പള്ളിയിലേക്ക് ആനയിക്കും.
വിവിധ ഇടവകകളിലെ വികാരിമാർ, സന്യസ്തർ, പേപ്പൽ കൊടികളേന്തിയ കൈക്കാരന്മാർ, സൺഡേ സ്കൂൾ കുട്ടികൾ, സംഘടനാ ഭാരവാഹികൾ എന്നിവർ മുൻനിരയിൽ അണിനിരക്കും. ആര്യങ്കാവ് ഇടവകയിലെ കോൽകളി സംഘം സ്വീകരണ ഘോഷയാത്രക്ക് നിറപ്പകിട്ടേകും. ദേവാലയത്തിന്റെ ആനവാതിലിൽ ഫൊറോന വികാരി ഫാ. ഇമ്മാനുവേൽ നെല്ലുവേലി തിരിയും വൈദിക പ്രതിനിധി ഷാളും നൽകി സ്വീകരിക്കും.
പുനലൂർ തിരുഹൃദയ ഇടവക ഗായകസംഘം സുറിയാനിയിലുള്ള പ്രാർഥനാ ഗാനം ആലപിച്ച് മെത്രാപ്പോലീത്തയെ സ്വാഗതം ചെയ്യും. സ്വീകരണ യോഗത്തിൽ വൈദിക പ്രതിനിധി ഫാ. ആന്റണി കാച്ചാംകോട്, ഫൊറോന കൗൺസിൽ സെക്രട്ടറി ജെനു അനന്തക്കാട് എന്നിവർ പ്രസംഗിക്കും. കൊല്ലം - ആയൂർ ഫൊറോന വികാരി ഫാ. ഇമ്മാനുവേൽ നെല്ലുവേലി സ്വാഗതം പറയും. വിവിധ ഇടവകകളിൽ നിന്നുള്ള കൈക്കാരന്മാർ, സന്യാസിനി ഭവന പ്രതിനിധികൾ, ആശ്രമ പ്രതിനിധികൾ, സൺഡേ സ്കൂൾ പ്രതിനിധികൾ തുടങ്ങിയവർ ആർച്ച് ബിഷപ്പിന് ഉപഹാരം നൽകി ആദരിക്കും.
കരവാളൂർ ഇടവക ഗായക സംഘം മംഗളഗാനം ആലപിക്കും. സ്വീകരണ കമ്മിറ്റി ജനറൽ കൺവീനർ സെബാസ്റ്റ്യൻ വേങ്ങിലക്കുഴി നന്ദി പറയും. ഫിൽഗിരി ഇടവക ഗായക സംഘത്തിലെ ഫൊറോന ആന്തത്തോടെ സ്വീകരണ പരിപാടി സമാപിക്കും.
തുടർന്ന് ഫൊറോന കൗൺസിൽ, കുടുംബ കൂട്ടായ്മ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പാരീഷ് ഹാളിൽ നടക്കുന്ന പഠനശിബിരം ആർച്ച് ബിഷപ് മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്യും. 2025 ജൂബിലി വർഷത്തെ അതിരൂപതയുടെ അജപാലന പ്രവർത്തനരേഖ മാർപ്പാപ്പയുടെ പ്രത്യാശയുടെ 10 അടയാളങ്ങൾ എന്ന ചാക്രിക ലേഖനത്തിന്റെ പശ്ചാത്തലത്തിൽ യോഗം ചർച്ചചെയ്യും. ഫാ. ജോർജ് മാന്തുരുത്തിൽ ക്ലാസ് നയിക്കും. ഫൊറോന വികാരി ഫാ. ഇമ്മനുവേൽ നെല്ലുവേലി, ഫാ. മാത്യു നടയ്ക്കൽ, ഫാ. ജോസിൻ കൊച്ചുപറന്പിൽ, ഫൊറൊന സെക്രട്ടറി ജെനു അനന്തക്കാട്, കുടുംബ കൂട്ടായ്മ ഫൊറോന ജനറൽ കൺവീനർ ജോസി കടന്തോട് എന്നിവർ നേതൃത്വം നൽകും.
ചങ്ങനാശേരി അതിരൂപത പാസ്റ്ററൽ കൗൺസിൽ അംഗങ്ങളായ സോയി ദേവസ്യ മാമൂട്ടിൽ, മാക്സ്മില്ലെൻ പള്ളിപ്പുറത്ത്, ജോസഫ് ആലുങ്കൽ, ജോസ് വട്ടമല, ജോൺ ഏണേക്കാട്, ഡോ. ജയിംസ് പാലായി തൈയേൽ, സെബാസ്റ്റ്യൻ വേങ്ങിലക്കുഴി, സൂസമ്മ നടുവിലേട്ട് എന്നിവർ വിവിധ കമ്മിറ്റികൾക്ക് നേതൃത്വം നൽകും.