കലോത്സവത്തിൽ തഴയപ്പെട്ട വിദ്യാർഥിനികൾ പ്രതിഷേധ നൃത്ത സന്ധ്യ സംഘടിപ്പിച്ചു
1487263
Sunday, December 15, 2024 6:01 AM IST
കൊല്ലം: ജില്ലാ കലോത്സവത്തിൽ തഴയപ്പെട്ട വിദ്യാർഥിനികൾ ചിന്നക്കട തെരുവിൽ നൃത്തം ചെയ്ത് പ്രതിഷേധിച്ചു. കേരള സൗഹൃദവേദിയാണ് പ്രതിഷേധ നൃത്ത സന്ധ്യ സംഘടിപ്പിച്ചത്.
കലോത്സവ മത്സരങ്ങൾ നീതിപൂർവം നടത്തണമെന്ന് പ്രതിഷേധ സന്ധ്യ ഉദ്ഘാടനം ചെയ്ത ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.
മറ്റ് മേഖലകളിൽ അനർഹർക്ക് നിയമനം നൽകുന്നതുപോലെ കലാരംഗവും മാറിക്കഴിഞ്ഞു. ജില്ലാ കലോത്സവത്തെക്കുറിച്ച് വ്യാപകപരാതിയുണ്ട്. മത്സരത്തിൽ അർഹത ഉണ്ടായിട്ടും അപ്പീൽ നൽകാൻ അവസരം നൽകാതെ വിധി നിർണയിച്ച് മത്സരാർഥികളെ പിന്തള്ളിയതായാണ് ആരോപണം ഉണ്ടായത്.
ഈ സാഹചര്യത്തിൽ മത്സര വീഡിയോ അധികാരികൾ പുറത്തുവിടണമെന്ന് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.
സാബു ബെനഡിക്ട് അധ്യക്ഷത വഹിച്ചു. ഡി. ഗീതാകൃഷ്ണൻ, ആർ.എസ്. അബിൻ, ബി. ശങ്കരനാരായണപിള്ള, സജീവ് പരിശവിള, കുരീപ്പുഴ ഷാനവാസ്, കരിക്കോട് ജമീർലാൽ, അഡ്വ. ഫെബ സുദർശൻ, സുഭാഷ് കല്ലട, പേരയം വിനോദ്, ഫൈസൽ കുഞ്ഞുമോൻ എന്നിവർ പ്രസംഗിച്ചു.