ഇന്ത്യയിൽ പാൽ ഉത്പാദനത്തിൽ കേരളം രണ്ടാം സ്ഥാനത്ത്: മന്ത്രി ജെ. ചിഞ്ചുറാണി
1487260
Sunday, December 15, 2024 6:01 AM IST
കുണ്ടറ: പാൽ ഉത്പാദന ക്ഷമതയിൽ കേരളം രണ്ടാം സ്ഥാനത്താണെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. ക്ഷീര വികസന വകുപ്പിന്റെയും ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിന്റെയും പനയം പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിലെ ക്ഷീര കർഷകരുടെയും ക്ഷീര സംഘങ്ങളുടെയും ആത്മയുടെയും സഹകരണത്തോടെ ചിറ്റുമല ബ്ലോക്ക് ക്ഷീര കർഷക സംഗമവും പനയം പഞ്ചായത്ത് ക്ഷീര ഗ്രാമപദ്ധതിയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
പാൽ ഉത്പാദനം വർധിപ്പിക്കാൻ ക്ഷീരഗ്രാമം പദ്ധതി കേരളത്തിലെ 40 ഗ്രാമപഞ്ചായത്തുകളിൽ തുടങ്ങി. ക്ഷീരകർഷകർക്ക് വീട്ടുമുറ്റത്ത് അടിയന്തര സേവനത്തിനായി 1962 ൽ വിളിച്ചാൽ ലഭിക്കും. സംസ്ഥാനത്ത് പശുക്കുട്ടി പരിപാലനത്തിന് 22 കോടി രൂപ നീക്കി വച്ചിട്ടുണ്ട്. ക്ഷീര കർഷകരുടെ ഇൻഷുറൻസ് ഒരുലക്ഷം രൂപയിൽ നിന്ന് രണ്ട് ലക്ഷം രൂപയാക്കി വർധിപ്പിച്ചതായി മന്ത്രി പറഞ്ഞു. പഞ്ചായത്തിലെ അതി ദരിദ്രരായ ഏഴുപേർക്ക് സ്ഥലം വാങ്ങി കൊടുത്തതിന്റെ രജിസ്റ്റർ ചെയ്ത പ്രമാണം മന്ത്രി കൈമാറി.
പി.സി. വിഷ്ണുനാഥ് എംഎൽഎ അധ്യക്ഷത വഹിച്ചു. കോവൂർ കുഞ്ഞുമോൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. കെസിഎംഎംഎഫ് ഭരണസമിതി അംഗം കെ.ആർ. മോഹനൻ പിള്ള, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹൻ, വൈസ് പ്രസിഡന്റ് ബി. ദിനേശ്, പനയം പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ. രാജശേഖരൻ,
പെരിനാട് പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ജയകുമാർ, കുണ്ടറ പഞ്ചായത്ത് പ്രസിഡന്റ് മിനി തോമസ്, പേരയം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അനീഷ് പടപ്പക്കര, കിഴക്കേകല്ലടപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ലാലി, മൺട്രോ തുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.