കാട്ടിൽകടവ് മേൽപ്പാലം ടെൻഡർ ഉടൻ: സി.ആർ. മഹേഷ്
1486785
Friday, December 13, 2024 6:29 AM IST
കരുനാഗപ്പള്ളി: കുലശേഖരപുരം പഞ്ചായത്തിലെ കാട്ടിൽ കടവിനേയും ആലപ്പാട് പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ടിഎസ് കനാലിന് കുറുകെയുള്ള കാട്ടിൽ കടവ് പാലത്തിന്റെ ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് സി.ആർ. മഹേഷ് എംഎൽഎ അറിയിച്ചു.
2017 ൽ 20 കോടി രൂപയാണ് പാലത്തിന്റെ നിർമാണത്തിനായി അനുവദിച്ചത്. തുടന്ന് സാമ്പത്തിക അനുമതി ഉയർത്തുകയായിരുന്നു. ജലപാതയിലൂടെ മത്സ്യബന്ധന ബോട്ടുകൾക്കും മറ്റ് യാനങ്ങൾക്കും കടന്നുപോകാനായി പാലത്തിന്റെ ഉയരം ഏഴ് മീറ്റർ ആയി ഉയർത്തിയാണ് നിർമാണം നടത്തുന്നത്.
കാട്ടിൽ കടവ് ഭാഗത്ത് 25 മീറ്ററിൽ മൂന്ന് സ്പാനുകളും 12.5 മീറ്റർ വരുന്ന മൂന്ന് സ്പാനുകളും നിർമിച്ച് റോഡിൽ എത്തുന്ന തരത്തിലാണ് പുതിയ എസ്റ്റിമേറ്റ് തയാറാക്കിയത്.
ആലപ്പാട് പഞ്ചായത്തിലെ ഭാഗത്ത് 25 മീറ്റർ നീളത്തിൽ മൂന്ന് സ്പാനുകളും 12.5 മീറ്റർ നീളത്തിൽ ആറ് സ്പാനുകളും നിർമിച്ച് തീരദേശ റോഡിലേക്ക് എത്തിക്കും. 44.49കോടി കോടി രൂപയുടെ അന്തിമ ഭരണാനുമതിക്കായി കിഫ്ബിയിൽ പദ്ധതി സമർപ്പിച്ചിട്ടുണ്ട്.
കിഫ്ബി പദ്ധതിയിലെ 35 പ്രോജക്ടുകൾക്ക് കാലതാമസം നേരിടുകയാണ്. അതിനാൽ അടിയന്തരമായി ടെൻഡർ നടപടികൾ ആരംഭിക്കണമെന്ന് സി.ആർ. മഹേഷ് കത്ത് നൽകിയിരുന്നു.
അതിന്റെ അടിസ്ഥാനത്തിൽ നവംബർ 30 ന് ചേർന്ന കിഫ്ബി എക്സിക്യൂട്ടീവ് യോഗതീരുമാനപ്രകാരം ഡിസൈൻ വിഭാഗത്തിൽ ആവശ്യമായ രേഖകൾ ജനുവരി 30 ന് സമീപിക്കണമെന്നും ബാക്കി രേഖകൾ സിഎംഡി നൽകണമെന്നും നിർദേശിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കാട്ടിൽ കടവ് മേൽപ്പാലം നിർമാണം ടെൻഡർ ചെയ്യുന്നതിന് കിഫ്ബി എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചതായി സി.ആർ. മഹേഷ് എംഎൽഎ അറിയിച്ചു.