കാട്ടുപന്നി കുറുകെ ചാടി : പരിക്കേറ്റ കണ്ടക്ടർ ഗുരുതരാവസ്ഥയിൽ
1487042
Saturday, December 14, 2024 6:25 AM IST
കുളത്തൂപ്പുഴ: ബൈക്കിൽ ജോലിക്കുപോകുന്നതിനിടയിൽ കാട്ടുപന്നി കുറുകെ ചാടി നിയന്ത്രണം വിട്ടബൈക്കിൽ നിന്ന് വീണ് യുവാവിന് പരിക്ക്.
കഴിഞ്ഞദിവസം പുലർച്ചെ കുളത്തൂപ്പുഴ കെഎസ്ആർടിസി ഡിപ്പോയിലേക്ക് ഡ്യൂട്ടിക്ക് പോകുകയായിരുന്ന കടമാൻ കോഡ് മൂലവിളവീട്ടിൽ അനൂപി(35) നാണ് പരിക്കേറ്റത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അനൂപ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. മലയോര ഹൈവേയിൽ മാർത്താണ്ഡംകര വളവിന് സമീപം പാതയ്ക്ക് കുറുകെ എത്തിയ കാട്ടുപന്നി ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
റോഡിിൽ തലയിടിച്ച് വീണ അനൂപിനെ നാട്ടുകാർ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് തിരുവനന്തപുരത്തെ മെഡിക്കൽ കോളജിലെ തീവ്ര പരിചരണ വിഭാഗത്തിലും പ്രവേശിപ്പിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് സാരമായ ക്ഷതമേൽക്കുകയും വാരിയെല്ലുകളും തോളെല്ലും തകരുകയും ചെയ്തു.
കാടിറങ്ങി ജനവാസ മേഖലയിൽ എത്തുന്ന കാട്ടുമൃഗങ്ങൾ ഇരുചക്ര വാഹന യാത്രികർക്കും പുലർച്ചെ നടക്കാനിറക്കുന്നവർക്കും നിരന്തരം ഭീഷണിയായിരുന്നിട്ടും നിയന്ത്രിക്കുന്നതിന് അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.