സെന്റ് ഗ്രിഗോറിയോസ് കോളജ് വജ്ര ജൂബിലി ആഘോഷം 18 മുതൽ
1486787
Friday, December 13, 2024 6:29 AM IST
കൊട്ടാരക്കര: സെന്റ് ഗ്രിഗോറിയോസ് കോളജ് വജ്ര ജൂബിലി നിറവിൽ. ഒരു വർഷം നീളുന്ന ആഘോഷം 18,19 തീയതികളിൽ നടക്കും.18 ന് ഉച്ചയ്ക്ക് ശാസ്താംകോട്ട മൗണ്ട് ഹൊറേബ് ആശ്രമത്തിലെ, കോളജ് സ്ഥാപകൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാബയുടെ കബറിടത്തിൽ നിന്ന് ആരംഭിക്കുന്ന ദീപശിഖ പ്രയാണം മൂന്നിന് കൊട്ടാരക്കര മാർത്തോമ ഗേൾസ് ഹൈസ്കൂൾ അങ്കണത്തിൽ എത്തിച്ചേരും.തുടർന്ന് ജൂബിലി വിളംബര ഘോഷയാത്രയായി കോളേജിൽ എത്തിച്ചേരും.
19 ന് രാവിലെ 10.30 ന് ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ ഒരു വർഷം നീളുന്ന ആഘോഷം ഉദ്ഘാടനം ചെയ്യും. ഓർത്തഡോക്സ് സഭ നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ. ജോഷ്വാ മാർ നിക്കോദിമോസ് അധ്യക്ഷത വഹിക്കും.
മന്ത്രി കെ.എൻ. ബാലഗോപാൽ മുഖ്യപ്രഭാഷണവും കൊടിക്കുന്നിൽ സുരേഷ് എംപി ജൂബിലി സന്ദേശവും നൽകും. മലങ്കര കത്തോലിക്ക സഭ മാവേലിക്കര രൂപത അധ്യക്ഷൻ ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ്, ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനാധിപൻ ഡോ. യുഹാനോൻ മാർ ദിയസ്കോറോസ്, കൊട്ടാരക്കര -പുനലൂർ ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ തേവോദോറോസ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും.
എൻഎസ്എസ് ഭവന ദാന പ്രോജക്ട് കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. മുൻസിപ്പൽ ചെയർമാൻ എസ്.ആർ. രമേശ്, ഡോ. വി.കെ. അനുരാധ, കൗൺസിലർ ജെയ്സി ജോൺ, മുൻ പ്രിൻസിപ്പൽ പ്രഫ. ടി.ജെ. ജോൺസൺ, അലുമ്നി അസോസിയേഷൻ വൈസ് പ്രസിഡന്റ് കെ.ഒ. രാജുക്കുട്ടി, പിടിഎ വൈസ് പ്രസിഡന്റ് സുനി. പി. സാമുവേൽ, കോളജ് യൂണിയൻ ചെയർമാൻ അജിൻ രാജ്, പ്രിൻസിപ്പൽ ഡോ. സുമി അലക്സ്, ജനറൽ കൺവീനർ ഡോ. ഫ്രാൻസിസ് ചാക്കോ എന്നിവർ പ്രസംഗിക്കും.
ആഘോഷ ഭാഗമായി സെമിനാറുകൾ, നേച്ചർ ഫോട്ടോഗ്രാഫി മത്സരങ്ങൾ, ബാസ്ക്കറ്റ്ബോൾ ടൂർണമെന്റ് തുടങ്ങിയ സംഘടിപ്പിക്കുമെന്ന് കോളേജ് മാനേജർ ഫാ. ബേബി തോമസ്, പ്രിൻസിപ്പൽ ഡോ.സുമി അലക്സ് എന്നിവർ അറിയിച്ചു.