വൈദ്യുതി ഭവനുകളിലേക്ക് കോൺഗ്രസ് മാർച്ച് 17 ന്
1486788
Friday, December 13, 2024 6:29 AM IST
കൊല്ലം: വൈദ്യുതി ചാർജ് വർധനവിന് എതിരെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വൈദ്യുതി ഭവനുകളിലേക്ക് പ്രതിഷേധ മാർച്ചും ധർണയും 17 ന് നടത്താൻ ഡിസിസിയിൽ ചേർന്ന ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃയോഗം തീരുമാനിച്ചു.
മിഷൻ - 2025 ഭാഗമായി ഡിസിസിയിൽ ചേർന്ന ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃയോഗം എഐസിസി സെക്രട്ടറി ഡോ. വി. കെ.അറിവഴഗൻ ഉദ്ഘാടനം ചെയ്തു. തദ്ദേശ ഉപതെരഞ്ഞെടുപ്പുകളിലും, അസംബ്ലി ഉപതെരഞ്ഞെടുപ്പുകളിലും യുഡി എഫിനുണ്ടായ മികച്ച വിജയം ജനവികാരത്തിന്റെ തെളിവാണെന്ന് അറിവഴഗൻ പറഞ്ഞു.
വാർഡ് കോൺഗ്രസ് കമ്മിറ്റികൾ 20 നകം പൂർത്തീകരിക്കും. കെ. കരുണാകരന്റെ ചരമ ദിനമായ 23ന് ലീഡർ സ്മാരക നിർമാണ ഫണ്ടിലേക്ക് ജില്ലയിലെ മുഴുവൻ ബൂത്തുകളിലും ഭവന സന്ദർശനം നടത്തി ഫണ്ട് സമാഹരിക്കും. 26 ന് മഹാത്മാഗാന്ധിജി ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധ്യക്ഷനായതിന്റെ 100ാം വാർഷികത്തോടനുബന്ധിച്ച് ചിന്നക്കടയിൽ പൊതു സമ്മേളനം സംഘടിപ്പിക്കും.
28ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 136ാമത് ജന്മദിനത്തോടനുബന്ധിച്ച് ബൂത്ത് - വാർഡ് - മണ്ഡലം - ബ്ലോക്ക് തലങ്ങളിൽ വിവിധ പരിപാടികൾ നടത്തും. കോർപ്പറേഷനിലെ അഴിമതി ഭരണത്തിനെതിരേ 19 മുതൽ 23 വരെ വിവിധ സോണൽ ഓഫീസുകളിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.
ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറിമാരായ എം. ലിജു, പഴകുളം മധു, എം.എം. നസീർ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ ബിന്ദുകൃഷ്ണ, ശൂരനാട് രാജശേഖരൻ, യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ, കെപിസിസി നിർവാഹക സമിതി അംഗം എ. ഷാനവാസ്ഖാൻ, എഴുകോൺ നാരായണൻ, ആർ. ചന്ദ്രശേഖരൻ തുടങ്ങിയവർ പ്രസംഗിച്ചു.