ക്രിസ്മസ്-പുതുവത്സര കാർണിവൽ 20 മുതൽ ജനുവരി അഞ്ചു വരെ
1487016
Saturday, December 14, 2024 6:14 AM IST
കൊല്ലം:ആശ്രാമം മൈതാനിയിൽ സംഘടിപ്പിക്കുന്ന ക്രിസ്മസ്-ന്യൂ ഈയർ കാർണിവൽ പ്രദർശനംപ്രദർശനം 20 മുതൽ ജനുവരി അഞ്ചു വരെ.
ചുങ്കത്ത് ജ്വല്ലറിയുടെയും, കൊല്ലം പട്ടത്താനം ഭാരത രാജ്ഞി ഇടവകയുടെയും സംയുക്താഭിമുഖ്യത്തിലാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.ക്രിസ്മസ് കരോൾ ഗാനം, ക്രിസ്മസ് കരോൾ ഡാൻസ്, ക്രിസ്മസ് പപ്പാ, പുൽക്കൂട് എന്നീ ഇനങ്ങളിൽ പ്രദർശന മത്സരം, വെസ്റ്റേൺ സിനിമാറ്റിക് ഡാൻസ്, കരോൾ ഗാനം എന്നീ ഇനങ്ങളിൽ അവതരണ മത്സരം, കൂടാതെ ചിത്രരചന, കഥാരചന, ലേഖന രചന എന്നീ മത്സരങ്ങളും സംഘടിപ്പിക്കും.
നൂറോളംപ്രഫഷണൽ ഡാൻസർമാർ നടത്തുന്ന "ഡാൻസിങ് ക്രിസ്മസ് ട്രീ" ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും.ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ പശ്ചാത്തലം, സാഹചര്യം, അന്തരീക്ഷം എന്നിവ ഓർമപ്പെടുത്തുന്ന "വിന്റർ വില്ലേജ്" ഒരുക്കും. രാത്രിയെ പകലാക്കും വിധം ദീപാലങ്കാരവും ആസ്വാദ്യകരമായ സ്വരലയ മാധുര്യവും പ്രദർശനത്തെ അത്യാകർഷകമാക്കും.
പ്രദർശനം എല്ലാ ദിവസവും രാവിലെ 11 മുതൽ രാത്രി ഒന്പതുവരെയാണ് സംഘടിപ്പിച്ചിരിക്കുന്നത്.പ്രവേശന ടിക്കറ്റ് നിരക്ക് 100 രൂപ.പ്രദർശനത്തിന്റെ ഔപചാരിക ഉദ്ഘാടനം മന്ത്രി കെ. ബാലഗോപാൽ നിർവഹിക്കും. മേയർ പ്രസന്ന ഏണസ്റ്റ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി അനുഗ്രഹപ്രഭാഷണം നടത്തും. മന്ത്രി ചിഞ്ചു റാണി പ്രവേശന ടിക്കറ്റ് ആദ്യ വില്പന നടത്തും. എം. മുകേഷ് എംഎൽഎ ക്രിസ്മസ് ട്രീയുടെ ഉദ്ഘാടനം നിർവഹിക്കും.
ഫുഡ് കോർട്ടിന്റെ ഉദ്ഘാടനം എം. നൗഷാദ് എം എൽ എയും സ്റ്റാളുകളുടെ ഉദ്ഘാടനം പി.സി. വിഷ്ണുനാഥ് എംഎൽ എയും നിർവഹിക്കുമെന്ന് ഫാ. വിനോദ് സെലസ്റ്റിൻ, (സംഘാടക സമിതി ചെയർമാൻ) ,കെ.പി. ഗ്ലാഡ് (സംഘാടക സമിതി വൈസ് ചെയർമാൻ), ജെ. സനൽ (ജനറൽ കൺവീനർ)എ.എസ്. നോൾഡ് (പ്രോഗ്രാം കമ്മിറ്റി ചെയർമാൻ), അജിത് ജോസ് (ഫിനാൻസ് സെക്രട്ടറി), റാണ ആൽബർട്ട്, ഹിൽട്ടൻ ലൂയിസ് എന്നിവർ അറിയിച്ചു.